അമ്മയും കുഞ്ഞും മരിച്ച സംഭവം; മരണം അപൂര്‍വ രോഗാവസ്ഥ മൂലമെന്ന് അന്വേഷണ റിപ്പോര്‍ട്ട്

ആലപ്പുഴ: സിസേറിയന് ശേഷം അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ആലപ്പുഴ മെഡിക്കൽ കോളേജിന്റെ ആഭ്യന്തര അന്വേഷണ റിപ്പോർട്ടിന്‍റെ പകർപ്പ് പുറത്ത്. അപര്‍ണ മരിച്ചത് പ്രസവത്തോടനുബന്ധിച്ച് ഹൃദയം തകരാറിലാവുന്ന അപൂര്‍വ രോഗാവസ്ഥ മൂലമാണെന്നാണ് റിപ്പോർട്ട്. സിസേറിയൻ ആരംഭിച്ച് ഒരു മണിക്കൂറിനുള്ളിൽ അപർണയുടെ ഹൃദയമിടിപ്പും രക്തസമ്മർദ്ദവും കുറയുകയും കാർഡിയോളജി ഐസിയുവിലേക്ക് മാറ്റുകയും ചെയ്തു.

പുലർച്ചെ 3.10 നാണ് ഹൃദയാഘാതമുണ്ടായത്. 4.45ന് രണ്ടാമത്തെ ഹൃദയാഘാതത്തെ തുടർന്ന് മരണം സംഭവിച്ചു. അപര്‍ണയുടെ ഈ അവസ്ഥയ്ക്ക് ശസ്ത്രക്രിയയുമായോ ചികിത്സയുമായോ ബന്ധമില്ല. പൊക്കിള്‍ കൊടി ഗര്‍ഭപാത്രത്തിന് പുറത്തേക്ക് വന്നപ്പോഴാണ് സിസേറിയന്‍ നടത്താൻ തീരുമാനിച്ചത്.

അടിയന്തിര ശസ്ത്രക്രിയയായതിനാലാണ് വാക്കാല്‍ ബന്ധുക്കളുടെ സമ്മതം വാങ്ങിയത്. കുഞ്ഞിൻ്റെ ഹൃദയമിടിപ്പ് 20 ശതമാനം മാത്രമായിരുന്നു. കുഞ്ഞിനെ നവജാത നഴ്സറിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.