അമ്മയും കുഞ്ഞും മരിച്ച സംഭവം; കൃത്യമായി ആരോഗ്യവിവരം ധരിപ്പിക്കാഞ്ഞതും പിഴവെന്ന് പൊലീസ്

ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രസവ ശസ്ത്രക്രിയയെ തുടർന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ അമ്മയുടെയും കുഞ്ഞിന്‍റെയും ആരോഗ്യസ്ഥിതി കൃത്യ സമയത്ത് ബന്ധുക്കളെ അറിയിക്കാത്തത് ചികിത്സാ പിഴവിന്‍റെ പരിധിയിൽ വരുമെന്ന് ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ പറഞ്ഞു. ഇക്കാര്യം പൊലീസ് വിശദമായി അന്വേഷിക്കും. അമ്മയുടെയും കുഞ്ഞിന്‍റെയും മരണം സംബന്ധിച്ച മെഡിക്കൽ ബോർഡ് റിപ്പോർട്ടും പോസ്റ്റ്മോർട്ടം റിപ്പോർട്ടും പൊലീസിന് ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ ജില്ലാ പൊലീസ് മേധാവി പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും അറിയിച്ചു.

അതേസമയം പ്രസവശേഷം അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ചികിത്സാ പിഴവില്ലെന്ന ആഭ്യന്തര അന്വേഷണ റിപ്പോർട്ട് പരാതിക്കാരായ കുടുംബം തള്ളി. ചൊവ്വാഴ്ചയാണ് സിസേറിയന് ശേഷം കുഞ്ഞും പിന്നാലെ അമ്മയും മണിക്കൂറുകൾക്കുള്ളിൽ മരിച്ചത്.

മരിച്ച അപർണയുടെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് പ്രതിഷേധിച്ചതോടെ ആലപ്പുഴ മെഡിക്കൽ കോളേജിൽ ഏറെ നേരം സംഘർഷാവസ്ഥ നിലനിന്നിരുന്നു. എന്നാൽ, മെഡിക്കൽ കോളേജ് നിയോഗിച്ച സമിതി ഒരു തരത്തിലുമുള്ള മെഡിക്കൽ പിശകും സംഭവിച്ചിട്ടില്ലെന്നാണ് കണ്ടെത്തിയത്. ഡോക്ടർമാരെ രക്ഷിക്കാൻ വേണ്ടി കെട്ടിച്ചമച്ചതാണ് റിപ്പോർട്ടെന്ന് ബന്ധുക്കൾ പ്രതികരിച്ചു.