ബഫ‍ർസോൺ ഫീൽഡ് സ‍ർവേയിൽ തീരുമാനം ഇന്ന്; പരാതികളും കേൾക്കും

തിരുവനന്തപുരം: ബഫർ സോൺ, ഫീൽഡ് സർവേ എന്നിവയുമായി ബന്ധപ്പെട്ട പരാതികൾ നൽകുന്നതിനു ഹെൽപ്പ് ഡെസ്ക് ആരംഭിക്കുന്ന കാര്യത്തിൽ ഇന്ന് തീരുമാനം. വനം, റവന്യൂ, തദ്ദേശസ്വയംഭരണ മന്ത്രിമാർ രാവിലെ യോഗം ചേരും. 88 പഞ്ചായത്ത് പ്രസിഡന്‍റുമാരും വില്ലേജ് ഓഫീസർമാരും ഓൺലൈനായും പങ്കെടുക്കും.

അതേസമയം, കെസ്ര തയ്യാറാക്കിയ സാറ്റലൈറ്റ് സർവേ റിപ്പോർട്ടിനേക്കാൾ കേന്ദ്രത്തിനു സമർപ്പിച്ച 2021 ലെ റിപ്പോർട്ടിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. റിപ്പോർട്ടിനൊപ്പം നൽകിയ ഭൂപടം പ്രസിദ്ധീകരിക്കും. ജനവാസ മേഖലയെ ബഫർ സോണിൽ നിന്നും ഒഴിവാക്കി കൊണ്ടുള്ളതാണ് റിപ്പോർട്ട്. ഈ റിപ്പോർട്ടിന്മേലുള്ള പരാതികളും കേൾക്കും.

അതേസമയം, പുതുതായി തയ്യാറാക്കിയ സാറ്റലൈറ്റ് സർവേ റിപ്പോർട്ട് എന്തുചെയ്യുമെന്നത് സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ സർക്കാർ നൽകുന്നില്ല. സാറ്റലൈറ്റ് സർവേ റിപ്പോർട്ട്, 2021 ലെ റിപ്പോർട്ട്, ഫീൽഡ് സർവേ റിപ്പോർട്ട് എന്നിവ സുപ്രീം കോടതിയിൽ സമർപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.