കലാശ പോരാട്ടത്തിന് നിലവിലെ ചാമ്പ്യൻമാർ; മൊറോക്കോയെ തകർത്ത് ഫ്രാൻസ് ഫൈനലിൽ

ദോഹ: ഖത്തർ ലോകകപ്പിന്‍റെ ഫൈനലിൽ നിലവിലെ ചാമ്പ്യൻമാരായ ഫ്രാൻസ് അർജന്‍റീനയെ നേരിടും. ബുധനാഴ്ച നടന്ന രണ്ടാം സെമിയിൽ മൊറോക്കോയെ 2-0ന് തോൽപ്പിച്ചാണ് ഫ്രാൻസ് ഫൈനലിലേക്ക് മുന്നേറിയത്. ഞായറാഴ്ചയാണ് മത്സരം.

മൊറോക്കോയുടെ ഗോൾ വല കളി തുടങ്ങി അഞ്ച് മിനിറ്റിനുള്ളിൽ ചലിപ്പിച്ച് ഫ്രാൻസ് നയം വ്യക്തമാക്കിയിരുന്നു. അഞ്ചാം മിനിറ്റിൽ ലെഫ്റ്റ് ബാക്ക് തിയോ ഹെർണാണ്ടസാണ് ഫ്രാൻസിന്‍റെ വിജയഗോൾ നേടിയത്. എന്നാൽ പിന്നീട് ഫ്രാൻസ് സ്കോർ ചെയ്യാൻ ബുദ്ധിമുട്ടി. ഒലിവിയർ ജിറൂഡ് ഒരു സുവർണാവസരം പാഴാക്കി.

മറുവശത്ത്, മൊറോക്കോ ചില ദ്രുതഗതിയിലുള്ള മുന്നേറ്റങ്ങൾ നടത്തുകയും ഫ്രാൻസിന്‍റെ ഗോൾമുഖത്ത് നിരവധി തവണ എത്തുകയും ചെയ്തു. എന്നാൽ എല്ലാം വൃഥാവിലായി. ഫ്രാൻസിനെ കൂടുതൽ ഗോളുകൾ നേടാൻ അനുവദിക്കാതെ ഒരു ഗോൾ നേടി മത്സരം എക്സ്ട്രാ ടൈമിലേക്ക് നീട്ടാനായിരുന്നു മൊറോക്കോയുടെ നീക്കം. എന്നാൽ 79-ാം മിനിറ്റിൽ ഫ്രാൻസ് ലീഡ് നേടി വിജയം രുചിച്ചു. ഒരു മിനിറ്റ് മുമ്പ് പകരക്കാരനായി ഇറങ്ങിയ റാൻഡാൽ കൊളോ മാനിയാണ് ഫ്രാൻസിനായി ഫൈനൽ ബർത്തുറപ്പിച്ച ഗോൾ നേടിയത്.