യൂട്യൂബറെ കാണാൻ ആഗ്രഹം; 250 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടി 13കാരൻ
ന്യൂഡല്‍ഹി: പഞ്ചാബിലെ പട്യാലയിൽ നിന്ന് ഡൽഹിയിലേക്ക് പ്രിയപ്പെട്ട യൂട്യൂബറെ കാണാന്‍ 250 കിലോമീറ്ററിലധികം സൈക്കിൾ ചവിട്ടി 13 വയസുകാരൻ. കാണാതായെന്ന പരാതിയിൽ പട്യാല പൊലീസ് ഡൽഹി പൊലീസിന്‍റെ സഹായത്തോടെ കുട്ടിയെ കണ്ടെത്തി ബന്ധുക്കൾക്ക് കൈമാറി.
മൂന്ന് ദിവസത്തെ കഠിനാധ്വാനം ചെയ്തിട്ടും, തന്‍റെ പ്രിയപ്പെട്ട യൂട്യൂബറെ കാണാനുള്ള ഭാഗ്യം കുട്ടിക്കുണ്ടായില്ല. യൂട്യൂബിൽ ‘ട്രിഗര്‍ഡ് ഇൻസാൻ’ എന്നറിയപ്പെടുന്ന നിശ്ചയ് മല്‍ഹാന്റെ പിതാംബുരയിലെ അപ്പാര്‍ട്ട്മെന്റിലേക്കാണ് കുട്ടി സൈക്കിള്‍ ചവിട്ടിയത്. എന്നാൽ നിശ്ചയ് ദുബായിലേക്ക് യാത്ര തിരിച്ചിരുന്നു. അദ്ദേഹം വീട്ടിൽ ഉണ്ടായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. ഒക്ടോബർ നാലിനാണ് എട്ടാം ക്ലാസ് വിദ്യാർത്ഥിയായ കുട്ടിയെ കാണാതായത്. 1.7 കോടി സബ്സ്ക്രൈബർമാരുള്ള കോമഡി ചാനലായ ട്രിഗര്‍ഡ് ഇൻസാന്‍റെ വലിയ ആരാധകനായ കുട്ടി അദ്ദേഹത്തെ കാണാൻ ശ്രമിച്ചേക്കുമെന്ന് കുടുംബം പൊലീസിനോട് പറഞ്ഞു. അതിനാൽ പട്യാല പൊലീസും കുടുംബവും സോഷ്യൽ മീഡിയയിലൂടെ കുട്ടിയെ കണ്ടെത്താൻ ശ്രമിക്കുകയും ഡൽഹി പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തു. യൂട്യൂബറും വിവരങ്ങൾ തേടുകയും സോഷ്യൽ മീഡിയയിലൂടെ കുടുംബവുമായി ബന്ധപ്പെടാൻ കുട്ടിയോട് ആവശ്യപ്പെടുകയും ചെയ്തു.
ഡൽഹിയിലേക്കുള്ള യാത്രാമധ്യേ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങളിൽ കുട്ടിയെ കണ്ടെങ്കിലും രാത്രി എവിടെയാണ് താമസിച്ചതെന്നോ എവിടെയാണ് വിശ്രമിച്ചതെന്നോ വ്യക്തമല്ല. മൽഹാൻ പീതാംപുരയിലെ അപ്പാർട്ട്മെന്‍റിൽ താമസിക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് ഡൽഹി പൊലീസ് റസിഡന്‍റ്സ് അസോസിയേഷനുമായി ബന്ധപ്പെട്ടു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് കുട്ടിയെ കണ്ടെത്തിയത്. തുടർന്ന് പൊലീസ് മൽഹാന്‍റെ വീട്ടിലെത്തിയെങ്കിലും അദ്ദേഹം ദുബായിലേക്ക് പോയതായി വിവരം ലഭിച്ചു. കുട്ടിയുടെ സൈക്കിളാണ് പൊലീസ് ആദ്യം കണ്ടെത്തിയത്. തെരച്ചിലിനിടെ വൈകിട്ട് അഞ്ച് മണിയോടെ കുട്ടിയെ പാർക്കിൽ നിന്ന് കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ വീട്ടുകാർ ഡൽഹിയിലെത്തി കുട്ടിയെ കൊണ്ടുപോയി. പൊലീസ് വേഗത്തിൽ പ്രവർത്തിച്ചതിൽ നന്ദിയുണ്ടെന്ന് കുട്ടിയുടെ മുത്തച്ഛൻ പറഞ്ഞു. ‘നല്ല വാർത്ത കുട്ടിയെ കണ്ടെത്തിയതിന് ദൈവത്തിന് നന്ദി’ മൽഹാൻ ട്വീറ്റ് ചെയ്തു.