തിരുവനന്തപുരത്ത് സാംസ്‌കാരിക ഡയറക്ടേറ്റും പുനരധിവാസ കേന്ദ്രവും ഉടൻ വരും
തിരുവനന്തപുരം : തലസ്ഥാനത്ത് സാംസ്കാരിക ഡയറക്ടറേറ്റ് സ്ഥാപിക്കുന്നതിനും നിർധനരായ കലാകാരൻമാരെ പുനരധിവസിപ്പിക്കുന്നതിനുമുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്ന് മന്ത്രി വി എൻ വാസവൻ. നിയമസഭയിൽ ഫണ്ട് ആവശ്യം സംബന്ധിച്ച ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. പ്രളയവും കൊവിഡും പ്രതിസന്ധി സൃഷ്ടിച്ചപ്പോൾ കലാകാരൻമാർക്ക് സഹായം ഉറപ്പാക്കാൻ സർക്കാരിന് കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കലാസാംസ്കാരിക പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനും പ്രവർത്തകരെ കേന്ദ്രീകരിക്കുന്നതിനുമായി നവോത്ഥാന, സാംസ്കാരിക നായകരുടെ പേരിൽ ജില്ലകളിൽ സമുച്ചയങ്ങൾ നിർമ്മിക്കുന്നതിനുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്. 9 ജില്ലകളിൽ ഭൂമി ലഭ്യമാക്കിയിട്ടുണ്ട്. ശേഷിക്കുന്ന ജില്ലകളിൽ ഭൂമി കണ്ടെത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് ഫിലിം ഹിസ്റ്ററി മ്യൂസിയത്തിന്‍റെ നിർമ്മാണ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
സംഗീത നാടക അക്കാദമി നാടകോത്സവം സംഘടിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി. കുട്ടികൾക്ക് വിജ്ഞാനം പകർന്നു നൽകുന്ന പ്രവർത്തനങ്ങളിൽ ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഊർജ്ജസ്വലമായി മുന്നേറുകയാണ്. കഥാപ്രസംഗ കലയുടെ പ്രചാരണത്തിനും മറ്റുമായി കൊല്ലത്ത് സംവിധാനം ഒരുങ്ങുന്നുണ്ടെന്നും ഇതിനായി ഒരു സഹകരണ സംഘത്തിന് 40,000 രൂപ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി വിശദീകരിച്ചു.