സംസ്ഥാനത്ത് ഡിസംബർ മാസത്തെ റേഷൻ വിതരണം ജനുവരി 5 വരെ തുടരും
തിരുവനന്തപുരം: സംസ്ഥാനത്ത് ഡിസംബർ മാസത്തെ റേഷൻ വിതരണം ജനുവരി അഞ്ച് വരെ തുടരുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് അറിയിച്ചു. 7 ജില്ലകളിൽ രാവിലെയും വൈകിട്ടുമായി പ്രവർത്തിക്കുന്ന ക്രമീകരണം റേഷൻ കടകളിൽ ജനുവരി മുഴുവൻ തുടരും. ഇ-പോസ് ശൃംഖലയിലെ തകരാർ കാരണം ശനിയാഴ്ചയും പലയിടത്തും റേഷൻ വിതരണം നിലച്ചു.
സംസ്ഥാന സർക്കാർ, ഓതന്‍റിക്കേഷൻ യൂസർ ഏജൻസി, ഓതന്‍റിക്കേഷൻ സർവീസ് ഏജൻസി, യുഐഡിഎഐ (ആധാർ) എന്നീ 4 സെർവറുകൾ ഒരുമിച്ച് പ്രവർത്തിക്കുമ്പോഴാണ് ഇ-പോസ് സംവിധാനം സുഗമമായി പ്രവർത്തിക്കുന്നത്. സംവിധാനത്തിന്‍റെ ഭാഗമായി ബയോമെട്രിക് ഡാറ്റ ശേഖരിച്ച് കാർഡ് ഉടമയെ തിരിച്ചറിഞ്ഞാൽ മാത്രമേ റേഷൻ സാധനങ്ങൾ നൽകാനാകൂ.
ആധാർ അധിഷ്ഠിത ബയോമെട്രിക് വെരിഫിക്കേഷൻ സംവിധാനം തുടക്കം മുതൽ തന്നെ പരാജയപ്പെടുന്നതാണ് പല ജില്ലകളിലും റേഷൻ വിതരണം തടസ്സപ്പെടാൻ കാരണം. ബിഎസ്എൻഎൽ സിം ഉപയോഗിക്കുന്ന ഇ-പോസ് മെഷീനുകൾക്ക് നെറ്റ്‌വർക് പ്രശ്നങ്ങളുണ്ടെന്നതാണ് കേരളത്തിലെ തകരാറിന് കാരണമെന്ന് എൻഐസി പറയുന്നു. ഇതേതുടർന്ന് റേഷൻ വ്യാപാരികൾക്ക് രണ്ട് സിം കാർഡുകൾ ഉപയോഗിക്കാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്.