സ്വപ്‌ന നൽകിയ രഹസ്യമൊഴി ഇഡി ഡല്‍ഹി ഓഫിസ് പരിശോധിക്കും; തുടർന്ന് നോട്ടിസ് നല്‍കും

കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരായി സ്വപ്ന സുരേഷ് നൽകിയ രഹസ്യമൊഴി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഡൽഹി ഓഫീസ് നേരിട്ട് പരിശോധിക്കും. സ്വപ്നയെ ചോദ്യം ചെയ്ത ശേഷം രഹസ്യമൊഴിയിൽ പേരുള്ളവർക്ക് നോട്ടീസ് നൽകാനാണ് അന്വേഷണ ഏജൻസിയുടെ തീരുമാനം.
സ്വപ്നയുടെ മൊഴി രേഖപ്പെടുത്തിയാൽ ഉടൻ തന്നെ കേന്ദ്ര ഇഡിയ്ക്ക് കൈമാറാൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ വർഷം അവസാനത്തോടെ എല്ലാ കേസുകളിലും ജാമ്യത്തിലിറങ്ങിയ സ്വപ്നയെ 2021 നവംബർ 11നു ഇഡിയുടെ കൊച്ചി ഓഫീസിലേക്ക് വിളിച്ചുവരുത്തി ഏഴ് മണിക്കൂർ ചോദ്യം ചെയ്തിരുന്നു. ഇഡിയും ഇക്കാര്യം അവലോകനം ചെയ്യുന്നുണ്ട്.

മുഖ്യമന്ത്രി, ഭാര്യ കമല, സെക്രട്ടറി സി എം രവീന്ദ്രൻ, മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കരൻ, മുൻ മന്ത്രി കെ ടി ജലീൽ എന്നിവരുടെ പേരുകളാണ് സ്വപ്നയുടെ രഹസ്യമൊഴിയിലുള്ളത്. 2021 ൽ ഇഡിക്ക് നൽകിയ മൊഴിയും രഹസ്യമൊഴിയും ഇഡി പരിശോധിച്ചു. ഇവ രണ്ടും തമ്മിൽ നിരവധി സാമ്യതകളുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് കൂടുതൽ നീക്കങ്ങൾ നടക്കുന്നത്. ഇഡിയുടെ ഡൽഹി യൂണിറ്റും കൊച്ചി യൂണിറ്റും സംയുക്തമായി അന്വേഷണവുമായി മുന്നോട്ട് പോകും. ഇത് സംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥർക്ക് ഇഡി നിർദേശം നൽകിയിട്ടുണ്ട്.