സ്വപ്ന നൽകിയ രഹസ്യമൊഴി ലഭിക്കാന്‍ അപേക്ഷ നല്‍കി ഇഡി

കൊച്ചി: സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി ലഭിക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ അപേക്ഷ നൽകി.സര്‍ട്ടിഫൈഡ് കോപ്പിക്കായി എറണാകുളം ജില്ലാ കോടതിയിലാണ് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരായ മൊഴിയിൽ ഗുരുതര ആരോപണങ്ങളുണ്ടെന്ന് സ്വപ്ന വെളിപ്പെടുത്തിയിരുന്നു.

അതേസമയം, മുൻ മന്ത്രി കെ.ടി ജലീൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സ്വപ്ന മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങൾക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് ജാമ്യാപേക്ഷയിൽ ഉന്നയിച്ചിരിക്കുന്നത്. രഹസ്യമൊഴിയിൽ നിന്ന് പിൻമാറാൻ മുഖ്യമന്ത്രിയുടെ ദൂതൻ സമ്മർദ്ദം ചെലുത്തിയെന്നാണ് സ്വപ്ന സുരേഷിന്റെ ആരോപണം. കോൺസുലേറ്റുമായി ബന്ധപ്പെട്ട ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങൾക്കും പങ്കുണ്ടെന്നും ജാമ്യാപേക്ഷയിൽ പറയുന്നു. പൊലീസ് ഉദ്യോഗസ്ഥരിൽ നിന്ന് തനിക്ക് ജീവന് ഭീഷണിയുണ്ടെന്നും ജാമ്യാപേക്ഷയിൽ പറയുന്നു.