സാമ്പത്തിക പ്രതിസന്ധി രൂക്ഷം; പാകിസ്ഥാനിൽ പാചകവാതകം നിറയ്ക്കുന്നത് പ്ലാസ്റ്റിക് ബാഗുകളിൽ
ഇസ്‍ലാമാബാദ്: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്ഥാനിൽ വലിയ പ്ലാസ്റ്റിക് ബാഗുകളിലടക്കം പാചക വാതകം കൊണ്ടുപോകുന്ന ആളുകളുടെ ചിത്രങ്ങളും വീഡിയോകളും വൈറലാകുന്നു. പാചക വാതക സിലിണ്ടറുകളുടെ കാര്യത്തിൽ കടുത്ത പ്രതിസന്ധി നേരിടുന്ന ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ ആളുകൾ വലിയ പ്ലാസ്റ്റിക് ബലൂണുകളിൽ പാചക വാതകം നിറയ്ക്കുകയാണ്.
കുട്ടികൾ ഉൾപ്പെടെ ഇത് കൈകാര്യം ചെയ്യുന്നത് വലിയ അപകടങ്ങൾക്ക് ഇടയാക്കുമെന്ന ആശങ്കയുമുണ്ട്.
രാജ്യത്തെ പാചക വാതക ശൃംഖലയുമായി ബന്ധപ്പെട്ട കടകളിൽ നിന്ന് പാചക വാതക സിലിണ്ടറുകളുടെ കടുത്ത ക്ഷാമം കാരണം പ്ലാസ്റ്റിക് ബാഗുകളിൽ പാചക വാതകം നിറയ്ക്കുന്നതായി വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
പാചക വാതക ചോർച്ച ഒഴിവാക്കാൻ ബാഗ് വാൽവിട്ട് അടയ്ക്കുകയാണ്. ഇത് വാങ്ങുന്ന ആളുകൾ ഇലക്ട്രിക് പമ്പിന്‍റെ സഹായത്തോടെയാണ് പാചക വാതകം ഉപയോഗിക്കുന്നത്. ഈ പ്ലാസ്റ്റിക് ബലൂണുകളിൽ മൂന്നോ നാലോ കിലോ പാചക വാതകം നിറയ്ക്കാൻ ഏകദേശം ഒരു മണിക്കൂർ എടുക്കും.