സാമ്പത്തിക പ്രതിസന്ധി; എംജി സർവകലാശാലയ്ക്ക് സർക്കാർ സഹായം കിട്ടിയേക്കില്ല
കോട്ടയം: എംജി സർവകലാശാലയിലെ സാമ്പത്തിക പ്രതിസന്ധിയിൽ സർക്കാർ സഹായം ലഭിച്ചേക്കില്ല. അടിയന്തിരമായി 50 കോടി രൂപ വേണമെന്ന സർവകലാശാലയുടെ ആവശ്യത്തോട് ഇതുവരെ അനുകൂല പ്രതികരണമൊന്നും ഉണ്ടായിട്ടില്ല. സർവകലാശാലയ്ക്ക് 120 കോടി രൂപയുടെ ബാധ്യതയുണ്ട്. സർക്കാർ കനിഞ്ഞില്ലെങ്കിൽ സെപ്റ്റംബർ മാസത്തെ ജീവനക്കാരുടെ ശമ്പളവും വൈകും.
50 കോടി രൂപയുടെ അധിക ഗ്രാന്‍റ് അടിയന്തിരമായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സർവകലാശാല വൈസ് ചാൻസലർ കഴിഞ്ഞയാഴ്ച ഉന്നത വിദ്യാഭ്യാസ വകുപ്പിന് കത്തയച്ചിരുന്നു. എന്നാൽ സർവകലാശാലയുടെ ആവശ്യത്തോട് സർക്കാർ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഇതാദ്യമായല്ല സർവകലാശാല സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സർക്കാരിന്റെ സഹായം തേടുന്നത്. എന്നാൽ, യാതൊരു സഹായവും ഇല്ലെന്ന് മാത്രമല്ല, സർക്കാർ വർഷം തോറും നൽകുന്ന പ്ലാൻ ഫണ്ട് ശരിയായി ലഭിക്കുന്നില്ലെന്നും സർവകലാശാലാ അധികൃതർ പറയുന്നു. മാസ ശമ്പളം, പെൻഷൻ, മറ്റ് ചെലവുകൾ എന്നിവയ്ക്കായി 22 കോടി രൂപയാണ് സർവകലാശാലയ്ക്ക് വേണ്ടത്. ഇതിൽ 16.3 കോടി രൂപയുടെ സർക്കാർ ഗ്രാന്‍റിലെ കാലതാമസം മൂലം തനത് ഫണ്ടിൽ നിന്നുള്ള തുക വിനിയോഗിച്ചാണ് സർവകലാശാല ചെലവ് വഹിക്കുന്നത്.
സ്ഥിരം കരാറുകൾ ഉൾപ്പെടെ 1700 ജീവനക്കാരുണ്ട്. സർക്കാർ ഗ്രാന്‍റ് വൈകിയാൽ സെപ്റ്റംബർ മാസത്തിലും ജീവനക്കാരുടെ ശമ്പളം വൈകും. പല കോളേജുകളും സ്വയംഭരണാധികാരമുള്ളതായതിനാൽ അഫിലിയേഷൻ ഫീസായി ലഭിക്കുന്ന വലിയ വരുമാനം നിലച്ചു. ഓഫ്-കാമ്പസ് കോഴ്സുകളും സ്വാശ്രയ കോഴ്സുകളും ഇല്ലാതായതോടെ സർവകലാശാല വലിയ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്.