രാജ്യത്ത് സാമ്പത്തിക മാന്ദ്യം പിടിമുറുക്കുന്നു; വാർഷിക വളർച്ച കുറയുമെന്ന് റിപ്പോർട്ടുകൾ

മുംബൈ: രാജ്യത്തിൻറെ വാർഷിക സാമ്പത്തിക വളർച്ച ഏതാനും വർഷത്തേക്ക് മന്ദഗതിയിലാകുമെന്ന് റിപ്പോർട്ട്. ഗോൾഡ്മാൻ സാച്ച്സ് ഗ്രൂപ്പ് ഇൻക്., ബാർക്ലേസ് പി.എൽ.സി എന്നിവയുൾപ്പെടെയുള്ള സാമ്പത്തിക വിദഗ്ധർ സാമ്പത്തിക വളർച്ചയിൽ മാന്ദ്യം പ്രവചിച്ചിട്ടുണ്ട്.

പണപ്പെരുപ്പം റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പരിധിക്കുള്ളിൽ കൊണ്ടുവരിക എന്ന ലക്ഷ്യം ഫലം കാണുമെങ്കിലും സാമ്പത്തിക വളർച്ചയിൽ മാന്ദ്യമുണ്ടാകുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.  പണപ്പെരുപ്പ നിരക്ക് 2022ന്‍റെ തുടക്കം മുതൽ റിസർവ് ബാങ്കിന്‍റെ ടോളറൻസ് ബാൻഡിന് മുകളിലാണ്. 2024ഓടെ ഇത് തിരികെ കൊണ്ടുവരാനാണ് റിസർവ് ബാങ്ക് ശ്രമിക്കുന്നത്. 

വളർച്ചയിലെ മാന്ദ്യം ഇന്ത്യയ്ക്ക് ഗുണം ചെയ്യുമെന്ന് ഗോൾഡ്മാൻ സാക്സിലെ സന്താനു സെൻഗുപ്ത പറയുന്നു. മാർച്ചിൽ അവസാനിക്കുന്ന സാമ്പത്തിക വർഷത്തിലെ 7.1 ശതമാനത്തിൽ നിന്ന് അടുത്ത സാമ്പത്തിക വർഷത്തിൽ ജിഡിപി വിപുലീകരണം 6 ശതമാനമായി കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.