തന്നെ അധിക്ഷേപിക്കാനാണ് ഇ ഡി ലക്ഷ്യമിടുന്നത്; തോമസ് ഐസക്

കിഫ്ബി ഇടപാടിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വീണ്ടും നോട്ടീസ് അയച്ചെങ്കിലും ഹാജരാകുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്. ഇ.ഡി തന്നെ അപമാനിക്കാനാണ് ശ്രമിക്കുന്നത്, ഭയപ്പെടുത്താമെന്ന് കരുതരുത്. അദ്ദേഹം പറഞ്ഞു. കിഫ്ബി ആർബിഐ ചട്ടങ്ങൾ ലംഘിച്ചിട്ടില്ലെന്നാണ് തോമസ് ഐസക്കിന്‍റെ വിശദീകരണം.

ഇഡിയുടെ ഉദ്ദേശ്യം എന്താണെന്ന് അറിയില്ല. നിയമനടപടി എന്തായിരിക്കുമെന്ന് ചർച്ച ചെയ്ത് തീരുമാനിച്ച ശേഷമായിരിക്കും ഹാജരാകുന്ന കാര്യത്തിൽ തീരുമാനമെടുക്കുക. കിഫ്ബി ആർബിഐ ചട്ടങ്ങൾ ലംഘിച്ചിട്ടില്ലെന്നും ഭീഷണിപ്പെടുത്തിയാൽ ഭയപ്പെടുമെന്നാണ് കരുതിയിരിക്കുന്നതെന്നും തോമസ് ഐസക് പറഞ്ഞു.

ഓഗസ്റ്റ് 11ന് ഇ.ഡിയുടെ കൊച്ചി ഓഫീസിൽ ഹാജരാകാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ഇത് രണ്ടാം തവണയാണ് തോമസ് ഐസക്കിന് ഇഡി നോട്ടീസ് നൽകുന്നത്. കിഫ്ബി സിഇഒ ആയിരുന്ന കെ എം എബ്രഹാമിനെ നേരത്തെ ഇഡി ചോദ്യം ചെയ്തിരുന്നു. ധനമന്ത്രിയായിരുന്ന ഐസക്ക് കിഫ്ബിയുടെ വൈസ് ചെയർമാനായിരുന്നു. ജൂലൈ 19ന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി നേരത്തെ നോട്ടീസ് നൽകിയിരുന്നു.