ചക്രവാതച്ചുഴിയുടെ പ്രഭാവം; സംസ്ഥാനത്ത് രണ്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മലയോര മേഖലകളിലാണ് മഴയ്ക്ക് കൂടുതൽ സാധ്യത. ഇടുക്കിയിലും വയനാട്ടിലും ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ബംഗാൾ ഉൾക്കടലിൽ തമിഴ്നാട് തീരത്ത് ചക്രവാതച്ചുഴി രൂപപ്പെട്ടതാണ് മഴയ്ക്ക് കാരണം. നാളെ (ചൊവ്വാഴ്ച) മലയോര മേഖലകളിൽ പെട്ടെന്നുള്ള കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ അതീവ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലീമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്ന് വിളിക്കുന്നത്. മലയോര മേഖലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. ഒക്ടോബർ 9 മുതൽ 13 വരെ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം.