തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന് അധികാരമില്ല; കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ വോട്ടർമാർക്ക് വാഗ്ദാനം ചെയ്യുന്ന സൗജന്യങ്ങള്‍ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരമില്ലെന്ന് കോൺഗ്രസ്. ഇത്തരം നടപടികളിൽ നിന്ന് കമ്മീഷൻ വിട്ടുനിൽക്കണമെന്നും തിരഞ്ഞെടുപ്പ് ചട്ടങ്ങൾക്ക് അനുസൃതമായി സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന വാഗ്ദാനങ്ങൾ ഒരു രാഷ്ട്രീയ പാർട്ടി മുന്നോട്ട് വയ്ക്കുന്ന പ്രത്യയശാസ്ത്രത്തെ പ്രതിഫലിപ്പിക്കുന്നുവെന്നും അത്തരം വാഗ്ദാനങ്ങൾക്ക് കൃത്യമായ സമയപരിധിയുണ്ടെന്നും കോൺഗ്രസ് പറഞ്ഞു.

തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ ഊർജ്ജസ്വലമായ ജനാധിപത്യ സംവിധാനത്തിന്‍റെ ഭാഗമാണെന്നും രാഷ്ട്രീയത്തിന്‍റെ വിശ്വസ്തതയുമായി ബന്ധപ്പെട്ടതാണെന്നും മുതിർന്ന കോൺഗ്രസ് നേതാവും പാർലമെന്‍റ് അംഗവുമായ ജയറാം രമേശ് തിരഞ്ഞെടുപ്പ് കമ്മീഷന് അയച്ച കത്തിൽ പറഞ്ഞു. വിഷയത്തിൽ ഇടപെടാനോ നടപടിയെടുക്കാനോ തിരഞ്ഞെടുപ്പ് കമ്മീഷനോ സർക്കാരിനോ കോടതികൾക്കോ അധികാരമില്ലെന്നും അദ്ദേഹം കത്തിൽ പറയുന്നു. പെരുമാറ്റച്ചട്ടത്തിൽ മാറ്റം വരുത്താൻ ആവശ്യമായ നിർദേശങ്ങൾ ആവശ്യപ്പെട്ട് എല്ലാ അംഗീകൃത രാഷ്ട്രീയ പാർട്ടികൾക്കും കമ്മീഷൻ അയച്ച കത്തിന് മറുപടിയായാണ് പാർട്ടി ജനറൽ സെക്രട്ടറി കൂടിയായ ജയറാം രമേശ് ഇക്കാര്യം വ്യക്തമാക്കിയത്. ഒക്ടോബർ 19നകം മറുപടി നൽകണമെന്നാണ് കമ്മീഷൻ ആവശ്യപ്പെട്ടിരുന്നത്.

തങ്ങൾ നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ കഴിയുമെന്നാണ് ഓരോ പാർട്ടിയുടെയും അവകാശവാദമെന്നും വാഗ്ദാനങ്ങൾ പാലിക്കാൻ ബുദ്ധിമുട്ടില്ലെന്നും ജയറാം രമേശ് പറഞ്ഞു. വാഗ്ദാനങ്ങൾ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന് എങ്ങനെ സാധിക്കുമെന്നും ജയറാം രമേശ് ചോദിച്ചു. വാഗ്ദാനങ്ങളുടെ അടിസ്ഥാനത്തിൽ കമ്മിഷനു പാർട്ടിയെയോ തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയെയോ അയോഗ്യരാക്കാൻ കഴിയുമോയെന്നും ഈ വിഷയത്തിൽ കമ്മിഷനു കോടതിയെ സമീപിക്കാൻ കഴിയുമോയെന്നും അദ്ദേഹം ചോദിച്ചു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അടിയന്തിരമായി പരിഹരിക്കേണ്ട വിവിധ പ്രശ്നങ്ങളും ജയറാം രമേശ് കത്തിൽ ചൂണ്ടിക്കാട്ടി.