പുറത്താക്കപ്പെട്ട വിദ്യാർഥിക്ക് പ്രവേശനം നല്‍കിയില്ല; പ്രിന്‍സിപ്പലിനെ തടഞ്ഞുവച്ച് മുറിയിൽ പൂട്ടി

തിരുവനന്തപുരം: കാര്യവട്ടം ഗവൺമെന്‍റ് കോളേജ് പ്രിൻസിപ്പലിനെ എസ്എഫ്ഐ പ്രവർത്തകർ തടഞ്ഞുവച്ച് മുറി പൂട്ടി. കഴിഞ്ഞ വര്‍ഷം കോളേജില്‍ നിന്ന് പുറത്താക്കിയ വിദ്യാര്‍ത്ഥി ഇപ്രാവശ്യം വീണ്ടും പ്രവേശനത്തിനെത്തിയത് പ്രിന്‍സിപ്പാള്‍ തടഞ്ഞതിനെ തുടര്‍ന്നാണ് പ്രതിഷേധം.

തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. അച്ചടക്ക നടപടിയെ തുടർന്ന് കഴിഞ്ഞ വർഷം കോളേജിൽ നിന്ന് പുറത്താക്കപ്പെട്ട രോഹിത് രാജ് എന്ന വിദ്യാർത്ഥി ഈ വർഷം അതേ വിഷയത്തിൽ വീണ്ടും പ്രവേശനത്തിനെത്തി. ഇതോടെയാണ് പ്രവേശനം നൽകുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ പ്രിൻസിപ്പൽ വിദ്യാർത്ഥിയെ അറിയിച്ചത്. ഇതേതുടർന്ന് പ്രവേശനം നിഷേധിച്ച പ്രിൻസിപ്പലിനെ തടഞ്ഞുവച്ച് എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധിക്കുകയായിരുന്നു.

സംഭവമറിഞ്ഞെത്തിയ പൊലീസ് എസ്.എഫ്.ഐ പ്രവർത്തകരെ പ്രിൻസിപ്പലിന്‍റെ ഓഫീസിന് മുന്നില്‍ നിന്ന് മാറ്റി. ഇതിനിടെ പോലീസും എസ്.എഫ്.ഐ പ്രവർത്തകരും തമ്മിൽ നേരിയ സംഘർഷമുണ്ടായി. ഇതേതുടര്‍ന്ന് എസ്എഫ്‌ഐ കഴക്കൂട്ടം ഏരിയ കമ്മിറ്റി സെക്രട്ടറി അമിത് പവന്‍, ജോയിന്‍ സെക്രട്ടറി ഷൈജു, ഏരിയ പ്രസിഡണ്ട് രാഹുല്‍, യൂണിറ്റ് അംഗങ്ങളായ സബീര്‍, അബി എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.