ഭരണകൂടത്തോടാണ് ഏറ്റുമുട്ടുന്നതെന്നത് റൈഹാനത്തിനെ ഒരിക്കലും ഭയപ്പെടുത്തിയില്ല ; കെ.കെ. രമ
കോഴിക്കോട്: സിദ്ദീഖ് കാപ്പന് ജാമ്യം ലഭിച്ചതിന് പിന്നിൽ എടുത്തു പറയേണ്ടത് അദ്ദേഹത്തിന്റെ ജീവിത പങ്കാളിയായ റൈഹാനത്തിന്‍റെ ഇടപെടലുകളാണെന്ന് കെ.കെ രമ എം.എൽ.എ. ഒരു ഭരണകൂടത്തോടാണ് പോരാടുന്നത് എന്നത് ഒരിക്കലും റൈഹാനത്തിനെ ഭയപ്പെടുത്തിയിട്ടില്ലെന്നും രമ പറഞ്ഞു. റൈഹാനത്തിനും മകനുമൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചു കൊണ്ടായിരുന്നു രമയുടെ പ്രതികരണം.
അന്യവിദ്വേഷത്തിന്‍റെ മുൻ വിധികൾ ഭരണഘടനാ ധാർമ്മികതയ്ക്കും നീതിബോധത്തിനും മേൽ നീതി നിർണയിക്കുന്ന ഫാസിസത്തിലേക്ക് സർക്കാരുകൾ നീങ്ങുമ്പോൾ, പീഡിപ്പിക്കപ്പെടുന്ന ദലിതർക്കും ന്യൂനപക്ഷങ്ങൾക്കും ജനാധിപത്യവാദികൾക്കും, ഇത്തരം കോടതി വിധികളും നിരീക്ഷണങ്ങളും ഇരുട്ടിലെ നക്ഷത്രങ്ങൾ പോലെ പ്രതീക്ഷ നൽകുന്നതാണെന്നും രമ പറഞ്ഞു.