അസുഖം മാറാൻ വളർത്തുനായയെ ഒഴിവാക്കാൻ വീട്ടുകാർ വിസമ്മതിച്ചു ; യുവതിയും മകളും ആത്മഹത്യ ചെയ്തു

ബെംഗളൂരു: ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരമായി വളർത്തുനായയെ ഒഴിവാക്കണമെന്ന ഡോക്ടറുടെ ഉപദേശം ഭർത്താവും കുടുംബവും അവഗണിച്ചതിൽ മനംനൊന്ത് യുവതിയും മകളും ആത്മഹത്യ ചെയ്തു. ബെംഗളൂരുവിലാണ് സംഭവം. വളർത്തുനായയെ അകറ്റിനിർത്താൻ ഭർതൃവീട്ടുകാർ വിസമ്മതിച്ചതിനെ തുടർന്നാണ് 36 കാരിയായ അമ്മയും 13 വയസുള്ള മകളും തൂങ്ങിമരിച്ചത്. നായയെ ഒഴിവാക്കാനുള്ള നിർദ്ദേശം വീട്ടുകാർ അവഗണിക്കുന്നതിൽ യുവതി അസ്വസ്ഥയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പ്രഥമദൃഷ്ട്യാ ഇരുവരും ആത്മഹത്യ ചെയ്തതാണെന്നാണ് കരുതുന്നതെന്നും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.

ആർ ദിവ്യ (36), മകൾ ഹൃദയ (13) എന്നിവരാണ് മരിച്ചത്. ഹൃദയ ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ്. ദിവ്യയുടെ ഭർത്താവ് ശ്രീനിവാസ്, ഭർതൃമാതാവ് വസന്ത, ഭർതൃപിതാവ് ജനാർദ്ദനൻ എന്നിവർക്കെതിരെ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി ഗോവിന്ദപുര പൊലീസ് കേസെടുത്തു. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ ശ്രീനിവാസിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി മകൾക്ക് ശ്വാസംമുട്ടലുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് ദിവ്യയുടെ പിതാവ് എം കെ രാമൻ വെളിപ്പെടുത്തി. കൂടാതെ, ചർമ്മസംബന്ധമായ പ്രശ്നങ്ങളും ഉണ്ടായിരുന്നു. ഡോക്ടറെ സമീപിച്ചപ്പോൾ, നായ്ക്കളിൽ നിന്ന് അകലം പാലിക്കാനാണ് നിർദ്ദേശം നൽകിയതെന്നും പിതാവ് പറഞ്ഞു.