ആശങ്ക ഒഴിയാതെ കർഷകർ; ബഫർസോൺ സർവെയും റിപ്പോർട്ടും അപൂർണം

കോഴിക്കോട്: വന്യജീവിസങ്കേതത്തിനോട് ചേർന്ന ബഫർ സോണിൽ ആശങ്കയൊഴിയാതെ മലയോരമേഖല. ബഫർ സോണിൽ ഉൾപ്പെടുന്ന റെസിഡൻഷ്യൽ ഏരിയ, ഗൃഹ- വ്യാവസായിക ആവശ്യങ്ങൾക്കായുള്ള നിർമിതികളേയും സർക്കാർ സ്ഥാപനങ്ങളെയും പൊതുസ്ഥാപനങ്ങളേയും കുറിച്ച് പഠനം നടത്തി സെൻട്രൽ എംപവേർഡ് കമ്മിറ്റിക്ക് വിശദമായ റിപ്പോർട്ട് നൽകുന്നതിനായി നിയോ​ഗിച്ച ജസ്റ്റിസ് തോട്ടത്തിൽ ബി രാധാകൃഷ്ണൻ കമ്മീഷൻ മൂന്ന് ദിവസം മുമ്പ് പുറത്തുവിട്ട ബഫർസോൺ മാപ്പാണ് കർഷകരുടെ നെഞ്ചിടിപ്പ് വർധിപ്പിക്കുന്നത്.

സംസ്ഥാനത്ത് 24 വന്യജീവിസങ്കേതങ്ങളുടെ അതിർത്തിയിലെ ജനവാസ മേഖലകളാണ് തീർച്ചപ്പെടുത്തേണ്ടത്. ബഫർ സോൺ നിർണ്ണയിക്കാനുള്ള സുപ്രീം കോടതി നിർദ്ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് സംസ്ഥാനം നടപടികൾ ആരംഭിച്ചത്. സംസ്ഥാന റിമോട്ട് സെൻസിങ് ആൻഡ് എൻവയോൺമെൻ്റ സെൻ്റർ സാറ്റലൈറ്റ് സർവേയിലൂടെ റിപ്പോർട്ട് തയ്യാറാക്കി. മാപ്പ് പുറത്തുവിട്ട് 10 ദിവസത്തിനകം പരാതിയുണ്ടെങ്കിൽ അറിയിക്കാനാണ് കമ്മീഷന്‍റെ നിർദേശം.

ഉപഗ്രഹ സർവേ റിപ്പോർട്ടും ഭൂപടവും അപൂർണ്ണവും അശാസ്ത്രീയവുമാണെന്നും ആളുകൾക്ക് മനസ്സിലാക്കാൻ കഴിയുന്ന രീതിയിലല്ലെന്നും കർഷകർ പറയുന്നു. റോഡുകൾ, നദികൾ, സ്ഥലനാമങ്ങൾ തുടങ്ങിയ സാധാരണക്കാർക്ക് മനസ്സിലാകുന്ന അടയാളങ്ങളൊന്നുമില്ലാതെ സർവേ നമ്പറുകളുടെ അടിസ്ഥാനത്തിൽ മാത്രം നൽകുന്ന ഭൂപടം കൂടുതൽ ആശയക്കുഴപ്പത്തിന് ഇടയാക്കുന്നുവെന്നും അതിരടയാളങ്ങൾ പോലും മനസ്സിലാകാത്ത ഒരു രേഖ ഉപയോഗിച്ച് എങ്ങനെ കാര്യങ്ങൾ മനസിലാക്കാൻ കഴിയുമെന്നുമാണ് കർഷകർ ചോദിക്കുന്നത്.