പോര് തുടരുന്നു; മുഖ്യമന്ത്രിയുടെ ക്രിസ്മസ് വിരുന്നിൽ ഗവർണർക്ക് ക്ഷണമില്ല 

തിരുവനന്തപുരം: മുഖ്യമന്ത്രി ഒരുക്കുന്ന ക്രിസ്മസ് വിരുന്നിലേക്ക് ഗവർണർക്ക് ക്ഷണമില്ല. നാളെ ഉച്ചയ്ക്ക് മസ്കറ്റ് ഹോട്ടലിൽ നടക്കുന്ന വിരുന്നിലേക്കാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ മുഖ്യമന്ത്രി പിണറായി വിജയൻ ക്ഷണിക്കാതിരുന്നത്. സർക്കാരും ഗവർണറും തമ്മിലുള്ള തുറന്ന യുദ്ധത്തിനിടെയാണ് ക്രിസ്മസ് വിരുന്ന്.

നേരത്തെ രാജ്ഭവനിൽ ഒരുക്കിയ ക്രിസ്മസ് വിരുന്നിലേക്ക് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ക്ഷണിച്ചിരുന്നെങ്കിലും ആരും പങ്കെടുത്തിരുന്നില്ല. ഡിസംബർ 14ന് ഒരുക്കിയ ക്രിസ്മസ് വിരുന്നിലേക്ക് ഗവർണർ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും പ്രതിപക്ഷ നേതാവിനെയും ക്ഷണിച്ചിരുന്നുവെങ്കിലും അവരെല്ലാം ക്ഷണം നിരസിച്ചു.