ചന്ദ്രനിലേക്കുള്ള ആദ്യ വാണിജ്യ ബഹിരാകാശ പേടകം; ജപ്പാൻ്റെ ‘ഹകുട്ടോ-ആര്‍’ വിക്ഷേപിച്ചു

ടോക്യോ: ജപ്പാന്‍റെ സ്പേസ് സ്റ്റാർട്ട് അപ്പ് ഐ സ്പേസ് വികസിപ്പിച്ചെടുത്ത ചാന്ദ്രദൗത്യ പേടകം വിജയകരമായി വിക്ഷേപിച്ചു. അമേരിക്കൻ ബഹിരാകാശ കമ്പനിയായ സ്പേസ് എക്സിന്‍റെ ഫാൽക്കൺ-9 റോക്കറ്റ് ഉപയോഗിച്ച് ഫ്ലോറിഡയിലെ കേപ് കനാവറൽ സ്പേസ് സെന്‍ററിൽ നിന്നാണ് ‘ഹകുട്ടോ-ആർ’ എന്ന് പേരിട്ടിരിക്കുന്ന ലാൻഡർ വിക്ഷേപിച്ചത്. ചന്ദ്രനിലേക്ക് കുതിക്കുന്ന ലോകത്തിലെ ആദ്യത്തെ വാണിജ്യ ബഹിരാകാശ പേടകമാണ് ഹകുട്ടോ.

പേടകത്തിലെ നാസയുടെ ചെറിയ ഉപഗ്രഹം ചന്ദ്രന്‍റെ ഭ്രമണപഥത്തിൽ പ്രവേശിച്ച് ചന്ദ്രനിൽ ജലത്തിന്‍റെ സാന്നിദ്ധ്യം പരിശോധിക്കും. കൂടാതെ, ജപ്പാന്‍റെ ജാക്സ സ്പേസ് ഏജൻസിയുടെ റോബോട്ടിക് റോവറും യു.എ.ഇയുടെ റാഷിദ് റോവറും ലാന്‍ഡറിലുണ്ട്.

കുറഞ്ഞ ചെലവിൽ കൂടുതല്‍ ചരക്കുകള്‍ വഹിച്ചുകൊണ്ടുള്ള ബഹിരാകാശ യാത്രയ്ക്കാണ് ഐ സ്പേസ് ലാൻഡർ വികസിപ്പിച്ചെടുത്തത്. അതിനാൽ, നേരിട്ട് ചന്ദ്രനിലേക്ക് പോകുന്നതിനുപകരം, കുറഞ്ഞ ഊർജ്ജം ആവശ്യമുള്ള വേഗംകുറഞ്ഞ പാതയാണ് യാത്രയ്ക്കായി തിരഞ്ഞെടുക്കുക. ഭൂമിയിൽ നിന്ന് 1.6 ദശലക്ഷം കിലോമീറ്റർ സഞ്ചരിച്ച് ഏപ്രിൽ അവസാനത്തോടെ ചാന്ദ്ര പാതയിൽ പ്രവേശിക്കും.