ആദ്യ ജി20 ധനകാര്യ യോഗം; 13-15 തീയതികളിൽ ബെംഗളൂരുവിൽ ചേരും

ന്യൂഡല്‍ഹി: ധന മന്ത്രാലയവും റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും (ആർബിഐ) സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ആദ്യത്തെ ജി 20 ഫിനാൻസ് ആൻഡ് സെൻട്രൽ ബാങ്ക് ഡെപ്യൂട്ടീസ് (എഫ്സിബിഡി) യോഗം നാളെ ആരംഭിക്കും. അന്താരാഷ്ട്ര നികുതി അജണ്ട, പിന്തുണയില്ലാത്ത ക്രിപ്റ്റോ ആസ്തികളോടുള്ള ആഗോളതലത്തിലുള്ള ഏകോപിത സമീപനം, അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളുടെ പുനഃക്രമീകരണം എന്നിവയിൽ യോഗം ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ധനമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഡിസംബർ 13-15 തീയതികളിൽ ബെംഗളൂരുവിലാണ് യോഗം ചേരുക.

സാമ്പത്തിക കാര്യ സെക്രട്ടറി അജയ് സേത്ത്, റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ മൈക്കൽ ഡി പത്ര എന്നിവർ ജി 20 എഫ്സിബിഡി യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുമെന്ന് ധനമന്ത്രാലയം അറിയിച്ചു. വിവിധ രാജ്യങ്ങളിൽ നിന്നും അന്താരാഷ്ട്ര സംഘടനകളിൽ നിന്നുമുള്ളവർ പങ്കെടുക്കും.

അടിസ്ഥാന സൗകര്യ വികസനം, സുസ്ഥിര ധനകാര്യം, ആഗോള ആരോഗ്യം, അന്താരാഷ്ട്ര നികുതി, സാമ്പത്തിക മേഖലയിലെ പ്രശ്നങ്ങൾ എന്നിവയുൾപ്പെടെ ആഗോള പ്രസക്തിയുള്ള വൈവിധ്യമാർന്ന വിഷയങ്ങൾ യോഗം ചർച്ച ചെയ്യും.