ആദ്യഘട്ട കണക്കെടുപ്പ് പൂർത്തിയായി; ജീവിവൈവിധ്യത്തിൽ തിരുവനന്തപുരം വനമേഖല മുന്നിൽ

നെയ്യാർ: തിരുവനന്തപുരത്തെ സംരക്ഷിത വനമേഖലയിലെ ഉഭയജീവികളുടെയും ഉരഗങ്ങളുടെയും കണക്കെടുപ്പിന്‍റെ ആദ്യഘട്ടം പൂർത്തിയായി. നെയ്യാർ, പേപ്പാറ വന്യജീവി സങ്കേതങ്ങൾ, അഗസ്ത്യവനം ബയോളജിക്കൽ പാർക്ക് എന്നിവ ഉൾപ്പെടുന്ന 212 ചതുരശ്ര കിലോമീറ്റർ വനമേഖലയിലാണ് കണക്കെടുപ്പ് നടത്തിയത്.

67 ഇനം ഉഭയജീവികളെയും 80 ഇനം ഉരഗങ്ങളെയും രേഖപ്പെടുത്തി. കണ്ടെത്തിയ ഉഭയജീവികളിൽ 55 ഉം ഉരഗങ്ങളിൽ 42 ഉം പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്നവയാണ്. കണ്ടെത്തിയ ഒരിനം കുരുടിയും മൂന്നിനം കവചവാലൻ പാമ്പുകളും വിശദപഠനങ്ങൾക്ക് വിധേയമാക്കേണ്ടവയാണെന്ന്‌ ഗവേഷകൻ ഡോ. സന്ദീപ് ദാസ് പറഞ്ഞു.

വനംവകുപ്പും ആരണ്യകം നാച്വർ ഫൗണ്ടേഷനും ചേർന്ന് നടത്തിയ കണക്കെടുപ്പിൽ സെന്‍റ് ജോസഫ്സ് കോളേജ് ഇരിങ്ങാലക്കുട, കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, കാലിക്കറ്റ് യൂണിവേഴ്സിറ്റി, കേരള യൂണിവേഴ്സിറ്റി, കേരള വെറ്ററിനറി യൂണിവേഴ്സിറ്റി, ഫോറസ്ട്രി കോളേജ്, ഫാറൂഖ് കോളേജ് തുടങ്ങി 15 ഓളം വിദ്യാഭ്യാസ-ഗവേഷണ സ്ഥാപനങ്ങളും മലബാർ നാച്വർ ഹിസ്റ്ററി സൊസൈറ്റി, ട്രാവൻകൂർ നാച്വറൽ ഹിസ്റ്ററി സൊസൈറ്റി തുടങ്ങിയ സംഘടനകളും വനപാലകരും പങ്കെടുത്തു.