മത്സ്യബന്ധനബോട്ട് മുങ്ങി; 11 മത്സ്യത്തൊഴിലാളികളെയും രക്ഷപെടുത്തി മറ്റൊരു ബോട്ട്

മംഗളൂരു: മംഗളൂരുവിലെ പണമ്പൂരില്‍ മത്സ്യബന്ധന ബോട്ട് കടലിൽ മറിഞ്ഞു. ബോട്ടിലുണ്ടായിരുന്ന 11 മത്സ്യത്തൊഴിലാളികളെ മറ്റൊരു ബോട്ടിലെത്തിയര്‍ രക്ഷപ്പെടുത്തി. കൃഷ്ണ കുമാർ എന്നയാളുടെ ഉടമസ്ഥതയിലുള്ള ജയ് ശ്രീറാം എന്ന ബോട്ടാണ് മറിഞ്ഞത്. ബോട്ട് പൂർണ്ണമായും കടലിൽ മുങ്ങി. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായാണ് റിപ്പോർട്ടുകൾ. എന്നാൽ മത്സ്യത്തൊഴിലാളികൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടില്ല.

അതേസമയം പെരുമാതുറയിൽ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികൾക്കായി തിരച്ചിൽ ഊർജിതമാക്കി. കൊച്ചിയിൽ നിന്നുള്ള നാവികസേനയുടെ ഹെലികോപ്റ്റർ ഉൾപ്പടെ സ്ഥലത്തെത്തി പരിശോധന ശക്തമാക്കിയിട്ടുണ്ട്.

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ട പശ്ചാത്തലത്തിൽ കേരള തീരത്ത് മത്സ്യബന്ധനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അടുത്ത 48 മണിക്കൂറിനുള്ളിൽ ന്യൂനമർദം കൂടുതൽ ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിന്‍റെ ഫലമായി വടക്കൻ കേരളത്തിൽ കനത്ത മഴയുണ്ടാകും. മലയോര മേഖലകളിൽ കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.