കൊച്ചിയിലേക്കുള്ള ലഹരിയൊഴുക്ക് വർധിച്ചു; ജാഗ്രത ശക്തമാക്കി എക്സൈസ്
കൊച്ചി: കൊച്ചിയിലേക്കുള്ള മയക്കുമരുന്ന് വരവ് വർധിക്കുമെന്ന ആശങ്കയെ തുടർന്ന് എക്സൈസ് ജാഗ്രത ശക്തമാക്കി. നേരത്തെ രാജ്യത്തിന് പുറത്ത് നിന്നാണ് രാസവസ്തുക്കൾ കേരളത്തിലേക്ക് എത്താറുണ്ടായിരുന്നത്. എന്നാൽ, ഇപ്പോൾ ഇത് ബെംഗളൂരു ഉൾപ്പെടെയുള്ള രാജ്യത്തിനകത്തുള്ള നിർമ്മാണ കേന്ദ്രങ്ങളിൽ നിന്നാണ് വരുന്നത്. ഇതോടെ ലഹരിയുടെ വരവ് വർദ്ധിച്ചു. കഴിഞ്ഞ മാസം ജില്ലയിൽ 92 മയക്കുമരുന്ന് കേസുകൾ (എൻ.ഡി.പി.എസ്) രജിസ്റ്റർ ചെയ്തു. രാസവസ്തുക്കൾ ഉൾപ്പെടെയുള്ള എല്ലാത്തരം മയക്കുമരുന്നുകളും പിടിച്ചെടുത്തിട്ടുണ്ട്.
ഓണക്കാലത്ത് ലഹരിവസ്തുക്കളുടെ ഉപയോഗം വർദ്ധിക്കാനുള്ള സാധ്യത കണക്കിലെടുത്ത് എക്സൈസ് സംഘം 12 വരെ പ്രത്യേക പരിശോധന നടത്തുമെന്ന് അസിസ്റ്റന്‍റ് എക്സൈസ് കമ്മിഷണർ ബി. ടെനിമോൻ പറഞ്ഞു. എക്സൈസിന്‍റെ ജില്ലാ, താലൂക്ക് തല കൺട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തിക്കും. ഇതുകൂടാതെ 2 പ്രത്യേക സംഘങ്ങളെ ജില്ലയ്ക്കകത്ത് വിന്യസിച്ചിട്ടുണ്ട്. ജില്ലയുടെ ഏതെങ്കിലും ഭാഗത്ത് നിന്ന് വിവരം ലഭിച്ചാലുടൻ പരിശോധന നടത്താനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി കേരളത്തിൽ രാസ ലഹരി മരുന്ന് ഉപയോഗത്തിൽ വലിയ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. മുമ്പ് കഞ്ചാവാണ് ലഹരിയായി ഉപയോഗിച്ചിരുന്നത്. എന്നാൽ ഇപ്പോൾ അത് രാസ ലഹരിക്ക് വഴിമാറി. കടത്താൻ എളുപ്പമാണെന്നതാണ് ഇതിന് ഒരു കാരണം. വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ ഇത്തരം മയക്കുമരുന്നുകൾ വ്യാപകമായി ഉപയോഗിച്ച് തുടങ്ങുന്ന സാഹചര്യമാണുള്ളതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.