പ്രണയം ‘നോ’ പറയാൻ കൂടിയുള്ള സ്വാതന്ത്ര്യം; വിഷ്ണുപ്രിയ വധത്തിൽ ആര്യ രാജേന്ദ്രന്‍
തിരുവനന്തപുരം: കണ്ണൂർ പാനൂരിലെ വിഷ്ണുപ്രിയയുടെ കൊലപാതകത്തിൽ പ്രതികരണവുമായി തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. വിഷ്ണുപ്രിയയുടെ മുഖം കണ്ണുകളിൽ നിന്ന് മായുന്നില്ല. ആക്രമിക്കപ്പെട്ട സമയത്തേക്കാൾ പതിന്മടങ്ങ് വേദന അതിന് മുമ്പുള്ള ദിവസങ്ങളിൽ അവൾ അനുഭവിച്ചിട്ടുണ്ടാകുമെന്നും സ്ത്രീയെ ത്യാഗിണിയായി ചിത്രീകരിക്കുന്ന കാലഘട്ടം അവസാനിച്ചുവെന്ന് ഇവർ എന്നാണ് മനസ്സിലാക്കുകയെന്നും ആര്യ ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മേയറുടെ പ്രതികരണം.
പ്രണയം ജീവിതത്തിൽ ‘യെസ്’ എന്ന് മാത്രമല്ല ‘നോ’ എന്ന് കൂടി പറയാനുള്ള സ്വാതന്ത്ര്യമാണ്. പ്രണയം പറയാനും പ്രണയിക്കാനും അത് ആരെയാകണമെന്ന് തീരുമാനിക്കാനും യോജിക്കാൻ കഴിയുന്നില്ലെങ്കിൽ ബന്ധം അവസാനിപ്പിക്കാനും ഒരു സ്ത്രീക്ക് പുരുഷനുള്ളത്രയും തന്നെ സ്വാതന്ത്ര്യമുണ്ട്. നാളിതുവരെ പ്രണയം ഉപേക്ഷിക്കാത്ത എത്ര പുരുഷൻമാർ ഈ നാട്ടിലുണ്ട്? കുറ്റം എപ്പോഴും പെണ്ണിനാണ് എന്നതാണ് വിചിത്രം.
ഒരു പെൺകുട്ടി തന്‍റെ നിലപാട് വ്യക്തമാക്കിയാൽ, വ്യക്തിഹത്യയും പൊതുവിടത്തിലെ അപമാനിക്കലും, ആള്‍ക്കൂട്ട ആക്രമണവും വരെ അവള്‍ നേരിടേണ്ടിവരും. ഇതിനെല്ലാം ചികിത്സ നൽകിയില്ലെങ്കിൽ നാളെ മറ്റൊരു പെൺകുട്ടി കൂടി ഇരയാകുമെന്നും ആര്യ രാജേന്ദ്രൻ പറഞ്ഞു.