ഗാന്ധി കുടുംബം അപ്രസക്തമാകില്ല; റിമോട്ട് കൺട്രോൾ ഭരണം വെറും തോന്നൽ മാത്രമെന്ന് ചിദംബരം
ന്യൂഡൽഹി: പുതിയ പ്രസിഡന്‍റ് അധികാരത്തിൽ വന്നാലും ഗാന്ധി കുടുംബത്തിന്‍റെ പ്രസക്തി നഷ്ടപ്പെടില്ലെന്ന് മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം. ഗാന്ധി കുടുംബത്തിന് പുറത്ത് നിന്ന് ഒരു പുതിയ പ്രസിഡന്‍റിനെ തിരഞ്ഞെടുത്താലും റിമോട്ട് കൺട്രോൾ ഭരണം ഗാന്ധി കുടുംബത്തിന്‍റെ കൈകളിലായിരിക്കുമെന്ന പ്രചാരണം വെറുമൊരു തോന്നൽ മാത്രമാണ്. കാൽനൂറ്റാണ്ടിനിടെ ആദ്യമായാണ് ഗാന്ധി കുടുംബത്തിന് പുറത്തുനിന്നുള്ള ഒരാൾ കോൺഗ്രസ് അധ്യക്ഷനാകാൻ ഒരുങ്ങുന്നത്.
ഗാന്ധി കുടുംബത്തിന്‍റെ സ്വാധീനം കുറയുമെന്ന് ആരും കരുതുന്നില്ല. ആരു പ്രസിഡന്‍റായാലും ഗാന്ധി കുടുംബം റിമോട്ട് കൺട്രോൾ ഭരണം നടത്തുമെന്ന പ്രചാരണം ഒരു തോന്നൽ മാത്രമാണ്. അതേസമയം, സുപ്രധാന തീരുമാനങ്ങൾ എടുക്കുമ്പോൾ പുതിയ പ്രസിഡന്‍റ് ഗാന്ധി കുടുംബത്തിന്‍റെ അഭിപ്രായം തേടേണ്ടിവരുമെന്ന് ചിദംബരം സമ്മതിച്ചു.
ആരു ജയിച്ചാലും പാർട്ടിക്കുള്ളിലെ 90-95 ശതമാനം തീരുമാനങ്ങളും പുതിയ പ്രസിഡന്‍റ് തന്നെ എടുക്കും. എന്നാൽ, മറ്റ് നേതാക്കളുടെയും പ്രവർത്തക സമിതിയുടെയും പാർലമെന്‍ററി ബോർഡിന്‍റെയും അഭിപ്രായങ്ങളും സുപ്രധാന തീരുമാനങ്ങളിൽ പരിഗണിക്കേണ്ടി വരുമെന്ന് ഉറപ്പാണ്.