ഭീമന്‍ മാക്രോണി-ചീസ് വിഭവം ; ലോകറെക്കോഡ് സ്ഥാപിച്ച് ഷ്രൈബർ
യുഎസ്: യു.എസ് ആസ്ഥാനമായുള്ള ചീസ് കമ്പനിയായ ഷ്രൈബർ ഫുഡ്സ്, ഇൻകോർപറേഷൻ സ്ഥാപിതമായിട്ട് 50 വർഷം പൂർത്തിയായി. ഭീമൻ ചീസ് വിഭവം തയ്യാറാക്കി ലോക റെക്കോർഡ് സ്ഥാപിച്ചാണ് ഷ്രൈബർ ഇത് ആഘോഷിച്ചത്. ചീസും, മാക്രോണിയും പ്രധാന ചേരുവയായാണ് ഈ സ്‌പെഷ്യല്‍ വിഭവം തയ്യാറാക്കിയിരിക്കുന്നത്. 2151 കിലോഗ്രാം ഭാരമുള്ള ഭീമന്‍ വിഭവം തയ്യാറാക്കിയാണ് അവര്‍ ഗിന്നസ് ബുക്കില്‍ ഇടം നേടിയിരിക്കുന്നത്.
യൂട്ടായിലെ ലോഗനിലെ അവരുടെ സ്ഥാപനത്തിലാണ് വിഭവം തയ്യാറാക്കിയത്. കമ്പനിയിലെ ജീവനക്കാർ തന്നെയാണ് ഇത് പാകം ചെയ്തത്. 50 വർഷം നീണ്ട ചീസ് നിർമ്മാണം ആഘോഷിക്കാൻ ഗിന്നസ് വേൾഡ് റെക്കോർഡ് നേടുന്നതിനേക്കാൾ മികച്ച മാർഗം മറ്റെന്താണ്- കമ്പനിയുടെ എച്ച്ആർ ടീം ലീഡർ ഡെറിക് കാൾസൻ പറഞ്ഞു. മൂന്ന് മണിക്കൂറും 26 മിനിറ്റും സമയമെടുത്താണ് ഇത് തയ്യാറാക്കിയത്. തുടർന്ന് അവിടെയുണ്ടായിരുന്ന രണ്ടായിരത്തിലധികം ആളുകൾക്ക് വിഭവം വിതരണം ചെയ്തു.
928 കിലോ വേവിച്ച മാക്രോണി, 478.53 കിലോഗ്രാം ചീസ്, 543.85 കിലോഗ്രാം പാൽ, 72.57 കിലോഗ്രാം വെണ്ണ എന്നിവയാണ് ഈ ഭീമൻ വിഭവം തയ്യാറാക്കാൻ ഉപയോഗിച്ചത്. യു.എസിലെ തന്നെ മറ്റൊരു സ്ഥാപനമായ കബോട്ട് ക്രീമെറി കോര്‍പ്പറേറ്റീവും ഷെഫ് ജോണ്‍ ഫോള്‍സ് ആന്‍ഡ് കമ്പനിയും ചേര്‍ന്ന് 2010 സെപ്റ്റംബറില്‍ സ്ഥാപിച്ച റെക്കോഡ് ആണ് ഷ്രൈബർ തകര്‍ത്തത്. മാക്രോണിയും ചീസും ചേര്‍ത്ത് 1119.91 കിലോഗ്രാം വിഭവമാണ് അന്ന് അവര്‍ നിര്‍മിച്ചത്.