കീടനാശിനികളുടെ ഉപയോഗം കുറയ്ക്കണമെന്ന ആഗോള ലക്ഷ്യം അനാവശ്യം; യു.എന്നിൽ നിലപാട് അറിയിച്ച് ഇന്ത്യ

മോണ്ട്രിയല്‍: കാർഷിക മേഖലയിലെ കീടനാശിനികളുടെ ഉപയോഗം മൂന്നിൽ രണ്ട് ഭാഗമാക്കി കുറയ്ക്കുക എന്ന ആഗോള ലക്ഷ്യം അനാവശ്യമാണെന്നും തീരുമാനം രാജ്യങ്ങൾക്ക് വിടണമെന്നും ഇന്ത്യ. കാനഡയിലെ മോണ്ട്രിയലിൽ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ ആഗോള ജൈവവൈവിധ്യ ഉച്ചകോടിയിൽ (സിഒപി 15) സംസാരിക്കവെയാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്. മറ്റ് വികസ്വര രാജ്യങ്ങളെ പോലെ, ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ കാർഷിക മേഖലയുടെ നട്ടെല്ലൊടിക്കുന്ന സമീപനം അംഗീകരിക്കാനാവില്ലെന്ന് പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് വെള്ളിയാഴ്ച ഉച്ചകോടിയുടെ ഭാഗമായി നടന്ന ഉന്നതതല ചർച്ചയിൽ പറഞ്ഞു.

ജൈവവൈവിധ്യ സംരക്ഷണത്തിന് കൂടുതൽ പ്രയോജനകരമായ നിക്ഷേപങ്ങൾ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. ജൈവവൈവിധ്യ സംരക്ഷണത്തിനായി 2030 ഓടെ കീടനാശിനികളുടെ ഉപയോഗം മൂന്നിൽ രണ്ട് ഭാഗമാക്കി കുറയ്ക്കുക എന്നത് യു.എന്നിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. കീടനാശിനി ആക്ഷൻ നെറ്റ്‌വർക്ക് ഫെബ്രുവരിയിൽ പുറത്തിറക്കിയ റിപ്പോർട്ടിൽ കീടനാശിനികളുടെ അശാസ്ത്രീയമായ ഉപയോഗം ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമാകുന്നതായി ചൂണ്ടിക്കാണിച്ചിരുന്നു.

കീടനാശിനികൾക്ക് നൽകുന്ന സബ്സിഡി ജൈവവൈവിധ്യ സംരക്ഷണത്തിനായി അനുവദിക്കണമെന്നാണ് പരിസ്ഥിതി പ്രവർത്തകരുടെ ആവശ്യം. 2030 ഓടെ ലോകത്തിലെ ജൈവവൈവിധ്യ സമ്പത്തിന്‍റെ പകുതിയെങ്കിലും സംരക്ഷിക്കുന്നതിനും കാലാവസ്ഥാ വ്യതിയാനത്തിൽ നിന്ന് ഭൂമിയെ സംരക്ഷിക്കുന്നതിനും ഉച്ചകോടി ലക്ഷ്യമിടുന്നു. ഡിസംബർ ഏഴിന് ആരംഭിച്ച 196 രാജ്യങ്ങളുടെ ഉച്ചകോടി ഡിസംബർ 19ന് സമാപിക്കും.