സ്വര്‍ണം നേടിയ താരത്തെ പുറത്താക്കി; മൂന്നാം സ്ഥാനക്കാരന് പട്ടികയിൽ ഇടം
മലപ്പുറം: കാലിക്കറ്റ് സർവകലാശാല ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടിയ താരത്തെ ഒഴിവാക്കി മൂന്നാം സ്ഥാനത്തുള്ള താരത്തെ അഖിലേന്ത്യാ സർവകലാശാല മത്സരത്തിൽ പങ്കെടുപ്പിക്കാൻ ശ്രമം.
അഖിലേന്ത്യാ ചാമ്പ്യൻഷിപ്പിനുള്ള പട്ടികയിൽ നിന്ന് തൃശൂർ സഹൃദയ കോളേജിലെ ജീവൻ ജോസഫിനെയാണ് ഒഴിവാക്കിയത്. 67 കിലോഗ്രാം വിഭാഗത്തിൽ മത്സരിച്ച ജീവൻ, നാല് തവണ സംസ്ഥാന ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ നേടിയ താരമാണ്. കാലിക്കറ്റ് സർവകലാശാലയിൽ 7 മുതൽ 9 വരെയായിരുന്നു മത്സരം. 10 മുതൽ 23 വരെയായിരുന്നു തിരഞ്ഞെടുപ്പ് ക്യാമ്പ്. ക്യാമ്പിലെ ലിസ്റ്റ് പുറത്ത് വന്നപ്പോഴാണ് ജീവൻ പുറത്തായ വിവരം അറിഞ്ഞത്.
കാസർകോട് വെള്ളരിക്കുണ്ട് സ്വദേശി കെ.സി. ജോസഫിന്‍റെയും ബീന ജോസഫിന്‍റെയും മകനാണ് ജീവൻ. കാലിക്കറ്റ് യൂണിവേഴ്സിറ്റി ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ ഇരട്ടകളായ ജീവനും, ജിൽനയും സ്വർണം നേടിയിരുന്നു. പെൺകുട്ടികളുടെ 57 കിലോഗ്രാം വിഭാഗത്തിലാണ് ജിൽന സ്വർണം നേടിയത്. എന്നിരുന്നാലും, ക്യാമ്പിൽ പങ്കെടുക്കാൻ ജിൽനയ്ക്ക് അവസരം നൽകിയില്ല. രണ്ട് തവണ സംസ്ഥാന ചാമ്പ്യൻഷിപ്പിൽ ജിൽന സ്വർണ്ണമെഡൽ നേടിയിട്ടുണ്ട്.