സർക്കാർ ബം​ഗ്ലാവ് ഒഴിയണം; മെഹബൂബ മുഫ്തിക്ക് നോട്ടീസ്

ശ്രീനഗർ: മുൻ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തിയോട് സർക്കാർ ബംഗ്ലാവ് ഒഴിയാൻ ആവശ്യപ്പെട്ട് ജമ്മു കശ്മീർ ഭരണകൂടം. രണ്ട് വർഷത്തിനിടെ രണ്ടാം തവണയാണ് ബംഗ്ലാവ് ഒഴിയാൻ നോട്ടീസ് നൽകുന്നത്. ഒക്ടോബർ 15 നാണ് ശ്രീനഗറിലെ വിഐപി എൻക്ലേവായ ഗുപ്കർ റോഡിലെ ഫെയർവ്യൂ ബംഗ്ലാവ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് ഡെപ്യൂട്ടി ഡയറക്ടർ (ജമ്മു കശ്മീർ എസ്റ്റേറ്റ്സ് ഡിപ്പാർട്ട്മെന്‍റ്) നോട്ടീസ് നൽകിയത്. ബദൽ സംവിധാനം ലഭ്യമാക്കുമെന്ന് കാണിച്ചാണ് നോട്ടീസ് നൽകിയത്.

നോട്ടീസ് ലഭിച്ചതായി മെഹബൂബ സ്ഥിരീകരിച്ചെങ്കിലും ബദൽ താമസസൗകര്യം സ്വീകരിക്കണമോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ഫെയർവ്യൂവിൽ നിന്ന് പുറത്താക്കാനുള്ള നോട്ടീസ് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് തനിക്ക് ലഭിച്ചെന്നും നോട്ടീസ് പ്രതീക്ഷിച്ചിരുന്നെന്നും മെഹബൂബ മുഫ്തി പറഞ്ഞു.

താമസിക്കാൻ സ്വന്തമായി ഒരു സ്ഥലം ഇല്ല. അതിനാൽ നോട്ടീസിനെതിരെ കോടതിയെ സമീപിക്കണമോയെന്ന കാര്യത്തിൽ നിയമവിദഗ്ധരുമായി ആലോചിക്കുമെന്നും മെഹബൂബ പറഞ്ഞു. 2015 ൽ മെഹബൂബയുടെ പിതാവ് അന്തരിച്ച മുഫ്തി മുഹമ്മദ് സയീദ് ബി.ജെ.പിയുടെ പിന്തുണയോടെ മുഖ്യമന്ത്രിയായി ചുമതലയേറ്റതോടെയാണ് ഫെയർവ്യൂ പുതുക്കിയത്.