പിഎഫ്ഐ മിന്നല്‍ ഹര്‍ത്താല്‍ തടയാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്തില്ല; വിമർശിച്ച് ഹൈക്കോടതി

കൊച്ചി: സെപ്റ്റംബര്‍ 23-ന് പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത മിന്നല്‍ഹര്‍ത്താല്‍ തടയാന്‍ സര്‍ക്കാര്‍ ഒന്നുംചെയ്തില്ലെന്ന വിമർശനവുമായി ഹൈക്കോടതി. മിന്നല്‍ഹര്‍ത്താല്‍ നിയമവിരുദ്ധമാണെന്ന ഉത്തരവുണ്ടായിട്ടും കോടതിയുടെ ഇടപെടലുണ്ടാകുന്നതുവരെ അക്രമങ്ങളും പ്രകടനങ്ങളും തടയാന്‍ സര്‍ക്കാര്‍ ഒന്നുംചെയ്തില്ലെന്നാണ് കോടതിയുടെ കുറ്റപ്പെടുത്തല്‍.

മിന്നൽ ഹർത്താൽ മൂലമുണ്ടായ നാശനഷ്ടങ്ങൾ കണക്കിലെടുത്ത് രണ്ടാഴ്ചയ്ക്കുള്ളിൽ 5.20 കോടി രൂപ സർക്കാരിന് നൽകണമെന്ന് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്ക് ഹൈക്കോടതി നിർദ്ദേശം നൽകി. ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാരും ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസും അടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. ഹർത്താൽ ദിവസം രാവിലെ സ്വമേധയാ എടുത്ത കോടതിയലക്ഷ്യ ഹർജി പരിഗണിക്കുകയാണ് ഡിവിഷൻ ബെഞ്ച് ചെയ്തത്. ഹർത്താലുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത എല്ലാ കേസുകളിലും പോപ്പുലര്‍ ഫ്രണ്ട് ജനറൽ സെക്രട്ടറി എ. അബ്ദുൾ സത്താറിനെ പ്രതിയാക്കണമെന്നും കോടതി നിർദ്ദേശിച്ചു.

പിഴത്തുക ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് കൈമാറാനാണ് ഉത്തരവ്. സർക്കാരിനും കെ.എസ്.ആർ.ടി.സിക്കും ഉണ്ടായ നഷ്ടം കണക്കിലെടുത്താണിത്. വൈവിധ്യമാർന്ന സമുദായത്തെ പ്രതിനിധീകരിക്കുന്നുവെന്ന് അവകാശപ്പെടുന്ന പോപ്പുലർ ഫ്രണ്ടിനും അതിന്‍റെ ജനറൽ സെക്രട്ടറിക്കും ഹർത്താൽ ദിനത്തിലെ അക്രമങ്ങളിൽ പങ്കില്ലെന്ന് നടിക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു.