വിഴിഞ്ഞത്ത് ചർച്ച നടത്താൻ സർക്കാർ അലംഭാവം കാണിച്ചിട്ടില്ല; മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട പ്രശ്നം പരിഹരിക്കാൻ ചർച്ച നടത്തുന്നതിൽ സർക്കാർ അലംഭാവം കാണിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാർത്ഥ്യമാക്കുകയാണ് സർക്കാരിന്റെ മുൻഗണനയെന്ന് അടിയന്തര പ്രമേയത്തിൻന്മേലുള്ള ചർച്ചയ്ക്ക് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

സർക്കാരിനുവേണ്ടി ഉപസമിതി സമരക്കാരുമായി ചർച്ച നടത്തിയിരുന്നു. ഓഗസ്റ്റ് 16നാണ് സമരം ആരംഭിക്കുന്നത്. 19നും 24നും മന്ത്രിസഭാ ഉപസമിതി ചർച്ച നടത്തി. അതല്ലാതെ അനൗദ്യോഗിക ചർച്ചകളും ഉണ്ടായി. സമരസമിതി 7 ആവശ്യങ്ങളാണ് മുന്നോട്ടു വച്ചത്. മന്ത്രിസഭാ ഉപസമിതിയുടെ ചർച്ചയിൽ അവയിൽ 5 ആവശ്യങ്ങൾ പരിഹരിക്കപ്പെട്ടു. തുറമുഖ നിർമാണം നിർത്തിവയ്ക്കണമെന്ന ആവശ്യം അംഗീകരിക്കാൻ കഴിയില്ലെന്ന് സർക്കാർ നിലപാടെടുത്തു.

ചർച്ച ഒരു തീരുമാനത്തിലെത്തുന്ന ഒരു ഘട്ടത്തിൽ എത്തിയപ്പോൾ, അത് വീണ്ടും കഠിനമാകാൻ പോകുന്ന സ്ഥിതിയുണ്ടായി. നല്ല ചർച്ചകൾ ഉണ്ടായിട്ടും പരിഹാരമുണ്ടാകാതെ വന്നപ്പോൾ സമരസമിതിയെ ആരെങ്കിലും നിയന്ത്രിക്കുന്നുണ്ടോ എന്ന സംശയവും ഉയർന്നിരുന്നു. വിഴിഞ്ഞം തുറമുഖത്തിനെതിരെ പ്രവർത്തിക്കുന്നവർക്ക് പിന്നിൽ ഏതെങ്കിലും ശക്തികൾ ഉണ്ടോയെന്ന് അന്വേഷിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് 2014ൽ മന്ത്രി കെ ബാബു നിയമസഭയിൽ പറഞ്ഞിരുന്നു. അന്നുമുതൽ സർക്കാരിന് ഈ സംശയം ഉണ്ടായിരുന്നുവെന്നാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മത്സ്യത്തൊഴിലാളികളെയല്ല ഉദ്ദേശിച്ചതെന്ന് കെ ബാബു ഇതിന് മറുപടി നൽകി. താനും മത്സ്യത്തൊഴിലാളികളെയല്ല ഉദ്ദേശിച്ചതെന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചു.