സര്‍ക്കാര്‍ ഒരുവിധത്തിലും ക്ഷേത്രസ്വത്തുക്കളിലും വരുമാനത്തിലും ഇടപെടുന്നില്ല; കൊച്ചിന്‍ ദേവസ്വം ബോര്‍ഡ്

തൃശൂര്‍: കമ്യൂണിസ്റ്റ് സർക്കാർ ക്ഷേത്രങ്ങൾ കയ്യേറുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതവും ദുരുദ്ദേശപരവുമാണെന്ന് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് വി നന്ദകുമാർ. സുപ്രീം കോടതിയിൽ ജസ്റ്റിസ് പദവി വഹിച്ച ജസ്റ്റിസ് ഇന്ദു മൽഹോത്രയെപ്പോലുള്ളവർ ഇത്തരം നുണപ്രചാരണങ്ങൾ നടത്തുന്നത് ദൗർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു.

“കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിലെ വരുമാനം നിത്യനിദാനം അടക്കമുള്ള ആവശ്യങ്ങള്‍ക്കും ഭക്തജനങ്ങളുടെ സൗകര്യങ്ങള്‍ക്കും വേണ്ടി മാത്രമാണ് ഉപയോഗിക്കുന്നത്. സര്‍ക്കാര്‍ ഒരുവിധത്തിലും ക്ഷേത്രസ്വത്തുക്കളിലും വരുമാനത്തിലും ഇടപെടുന്നില്ല.” അദ്ദേഹം പറഞ്ഞു.

2018-2019 ലെ പ്രളയത്തിലും കോവിഡ് പ്രതിസന്ധിയിലും മാസങ്ങളോളം ക്ഷേത്രങ്ങൾ അടച്ചതിനാൽ വരുമാനം പൂർണ്ണമായും നിലച്ച സമയത്താണ് സർക്കാർ അനുവദിച്ച 25 കോടി രൂപ കൊച്ചിൻ ദേവസ്വം ബോർഡിന് തുണയായത്. മാത്രമല്ല, വർഷങ്ങളായി, കാവുകളുടെയും കുളങ്ങളുടെയും സംരക്ഷണത്തിനായി കോടിക്കണക്കിന് രൂപ സർക്കാരിൽ നിന്ന് അനുവദിച്ചുവരുന്നുണ്ട്. കൂടാതെ തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് ഉപയോഗിച്ച് ക്ഷേത്രങ്ങള്‍ നവീകരിക്കുക, ആല്‍ത്തറകള്‍ കെട്ടുക തുടങ്ങിയവ സര്‍ക്കാര്‍ സാമ്പത്തിക സഹായത്തോടെയാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.