‘വിഴിഞ്ഞം സമരം പൊളിക്കാൻ സർക്കാർ വർഗീയ ധ്രുവീകരണത്തിന് ശ്രമിച്ചു’; സർക്കാരിനെതിരെ വിമർശനവുമായി സത്യദീപം

തിരുവനന്തപുരം: വിഴിഞ്ഞം സമരം ഒത്തുതീർപ്പായതിന് പിന്നാലെ സംസ്ഥാന സർക്കാരിനെതിരെ എറണാകുളം അങ്കമാലി അതിരൂപത മുഖപത്രമായ സത്യദീപം രംഗത്ത്. ക്രിസ്ത്യൻ സഭ മത്സ്യത്തൊഴിലാളികളെ പിന്തുണച്ചപ്പോൾ കമ്യൂണിസ്റ്റുകാർ സഭയെ ആക്രമിച്ചെന്നാണ് വിമർശനം. സമരം തകർക്കാൻ സമുദായ ധ്രുവീകരണത്തിനാണ് സർക്കാർ ശ്രമിച്ചത്. ക്രിസ്ത്യാനികളെ തീവ്രവാദികളായി ചിത്രീകരിക്കുന്നത് അസ്വസ്ഥതയുണ്ടാക്കുന്നതാണ്.

സോഷ്യൽ മീഡിയയിലൂടെ കാപ്സ്യൂളുകൾ നിർമ്മിച്ചാൽ ആർക്കും തീവ്രവാദിയാകാൻ കഴിയുന്ന സാഹചര്യമാണ് നിലവിലുള്ളത്. കോർപ്പറേറ്റുകളെ ജനങ്ങൾക്ക് മുകളിൽ പ്രതിഷ്ഠിച്ച് പോപ്പുലിസ്റ്റ് നേതാവാകാനാണ് പിണറായി ശ്രമിക്കുന്നതെന്നും സത്യദീപം ആരോപിച്ചു. വിഴിഞ്ഞം സമരം സമവായത്തിലെത്തിയതോടെയാണ് എറണാകുളം-അങ്കമാലി അതിരൂപതയുടെ പ്രസിദ്ധീകരണത്തിൽ ഈ ലേഖനം പ്രത്യക്ഷപ്പെട്ടത് എന്നതും ശ്രദ്ധേയമാണ്.