സര്‍ക്കാര്‍ പിന്തുണയ്ക്കും; ചരിത്രം മാറ്റിയെഴുതാന്‍ ചരിത്രകാരന്മാരോട് ആഹ്വാനം ചെയ്ത് അമിത് ഷാ

ന്യൂഡല്‍ഹി: ചരിത്രം മാറ്റിയെഴുതാന്‍ ചരിത്രകാരന്മാരോട് ആഹ്വാനം ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇത്തരം പ്രവർത്തനങ്ങൾക്ക് കേന്ദ്ര സർക്കാർ പിന്തുണ നൽകുമെന്നും അമിത് ഷാ പറഞ്ഞു. താൻ ചരിത്ര വിദ്യാർത്ഥിയാണെന്നും രാജ്യത്തിന്റെ ചരിത്രം ശരിയായി അവതരിപ്പിച്ചിട്ടില്ലെന്ന പരാതികൾ നിരവധി തവണ കേട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അത്തരം പരാതികൾ സത്യമായിരിക്കാം. ഇനി അത് തിരുത്തണം. ഡൽഹിയിൽ അസം സർക്കാർ സംഘടിപ്പിച്ച പരിപാടിയിലാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്.

“യഥാർത്ഥ ചരിത്രത്തെ മഹത്തായ രീതിയിൽ അവതരിപ്പിക്കുന്നതിൽ നിന്ന് ആരാണ് നമ്മെ തടയുന്നത് എന്നതാണ് എന്‍റെ ചോദ്യം. രാജ്യത്തിന്‍റെ ചരിത്രം തെറ്റായി വ്യാഖ്യാനിച്ചെന്ന പരാതി ചരിത്ര വിദ്യാർത്ഥികളും സർവകലാശാലാ പ്രൊഫസർമാരും പരിശോധിക്കണം. 150 വര്‍ഷത്തോളം രാജ്യം ഭരിച്ച 30 രാജകുടുംബങ്ങളെക്കുറിച്ച് ഗവേഷണം നടത്തണം.

സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയ 300 മഹാൻമാരായ വ്യക്തിത്വങ്ങളെക്കുറിച്ച് നാം പഠിക്കേണ്ടതുണ്ട്. ഇതോടെ പരാതികൾ അവസാനിക്കും. അത്തരം ഗവേഷണങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ പിന്തുണ ലഭിക്കും. മുന്നോട്ട് വരൂ, ചരിത്രം മാറ്റിയെഴുതൂ. പുതിയ തലമുറയെ ഈ രീതിയിൽ പ്രചോദിപ്പിക്കാൻ നമുക്ക് കഴിയും”, ഷാ പറഞ്ഞു.