ഗവർണർ സർക്കാർ പോര് ഒത്തുതീർപ്പാവുന്നു; നയപ്രഖ്യാപനത്തിന് ക്ഷണിക്കും

തിരുവനന്തപുരം: മാസങ്ങൾ നീണ്ട സർക്കാർ-ഗവർണർ പോരിനു അവസാനം. നിയമസഭാ സമ്മേളനം പിരിയുന്നത് അറിയിക്കാനും ബജറ്റ് സമ്മേളനം ആരംഭിക്കുന്ന നയപ്രഖ്യാപന പ്രസംഗത്തിനു ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ക്ഷണിക്കാനും സർക്കാർ തീരുമാനം. സജി ചെറിയാന്‍റെ സത്യപ്രതിജ്ഞാ ചടങ്ങിന് വിയോജിപ്പോടെ ഗവർണർ അനുമതി നൽകിയതോടെയാണ് ഗവർണറെ നിയമസഭയിൽ നയപ്രഖ്യാപന പ്രസംഗത്തിന് ക്ഷണിക്കാൻ സർക്കാർ തീരുമാനിച്ചത്.

തൽക്കാലം ഗവർണറുമായി യുദ്ധം വേണ്ടെന്ന നിലപാടിലാണ് സർക്കാർ. നിയമസഭാ സമ്മേളനം പിരിച്ചുവിട്ട വിവരം ഗവർണറെ അറിയിക്കാൻ ഇന്ന് രാവിലെ ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. മുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യം മന്ത്രിസഭയിൽ അറിയിച്ചത്. 

ഡിസംബർ 13ന് നിയമസഭാ സമ്മേളനം അവസാനിച്ചെങ്കിലും രാജ്ഭവനെ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടില്ല. പതിനഞ്ചാം നിയമസഭയുടെ ഏഴാമത്തെ സമ്മേളനമായിരുന്നു ഇത്. സമ്മേളനം മാറ്റിവച്ച് നേരെ ബജറ്റ് സമ്മേളനത്തിലേക്ക് പോയി നയപ്രഖ്യാപനം മെയ് വരെ നീട്ടാനായിരുന്നു സർക്കാരിൻ്റെ നീക്കം. എന്നാൽ നിയമസഭാ സമ്മേളനം അവസാനിച്ചതായി രാജ്ഭവനെ അറിയിച്ചതോടെ എട്ടാം സമ്മേളനത്തിൽ ബജറ്റ് അവതരിപ്പിക്കുമെന്ന് ഉറപ്പായി.