ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കണം; സിപിഎം സംസ്ഥാന സമിതിയില്‍ ആവശ്യം

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സർവകലാശാല ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയിൽ ആവശ്യം. ഗവർണർ സ്ഥിരം തലവേദനയാകുന്നത് ഒഴിവാക്കാനാണ് നീക്കമെന്നാണ് സംസ്ഥാന കമ്മിറ്റിയുടെ നിലപാട്. പൊതുവായ രാഷ്ട്രീയ സാഹചര്യം സംബന്ധിച്ച റിപ്പോർട്ടിംഗിലും അതുമായി ബന്ധപ്പെട്ട ചർച്ചയിലും ചാൻസലർ സ്ഥാനത്ത് ഗവർണർ വേണ്ടെന്ന അഭിപ്രായം അംഗങ്ങൾ ഉന്നയിച്ചു.

സർവകലാശാലയുടെ തലപ്പത്ത് ഗവർണറെ നിയമിച്ചത് ഭരണഘടനാപരമായ കടമയായല്ല. അതത് സർവകലാശാലകൾ നിയമങ്ങൾ പാസാക്കിയപ്പോൾ അതിന്‍റെ ഭാഗമായാണ് ഗവർണറെ ചാൻസലറായി നിയമിച്ചത് അതിനാൽ, നിരന്തരം തലവേദന സൃഷ്ടിക്കുന്ന സമയത്ത് ഗവർണറെ ഒഴിവാക്കുന്നതാണ് നല്ലതെന്നാണ് അഭിപ്രായം.

നിലവിൽ പാർട്ടിയുടെ പരിഗണനയിലുള്ള വിഷയമാണിത്. സംസ്ഥാന കമ്മിറ്റിയിലെ ചർച്ചകൾക്ക് ശേഷമാകും ഗവർണറെ മാറ്റാൻ പാർട്ടി അന്തിമ അനുമതി നൽകുക. അങ്ങനെയെങ്കിൽ ഡിസംബറിൽ നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ച് ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കാൻ നിയമനിർമ്മാണം നടത്തിയേക്കും.