മഹാപ്രളയം; പാക്കിസ്ഥാന്റെ സാമ്പത്തിക സ്ഥിതി പരിതാപകരം
ആഭ്യന്തര സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തണമെന്ന് ലോകബാങ്ക് പാകിസ്ഥാനോട് ആവശ്യപ്പെട്ടു. മഹാപ്രളയത്തിന്റെ പശ്ചാത്തലത്തിൽ രാജ്യം നേരിടുന്ന വലിയ പ്രതിസന്ധി മറികടക്കാൻ പാകിസ്ഥാൻ നടപടികൾ സ്വീകരിക്കണമെന്ന് ലോകബാങ്കിന്റെ ദക്ഷിണേഷ്യൻ വൈസ് പ്രസിഡന്റ് മാർട്ടിൻ റൈസർ ആവശ്യപ്പെട്ടു. പാകിസ്ഥാൻ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ആഴം വളരെ വലുതാണെന്നും റൈസർ പറഞ്ഞു.
പ്രകൃതിക്ഷോഭം മൂലം രാജ്യം വലിയ പ്രതിസന്ധിയിലാണെന്ന് അദ്ദേഹം പറഞ്ഞു. “നിലവിലെ അവസ്ഥയിൽ നിന്ന് കരകയറാൻ രാജ്യത്തിന് കൃത്യമായ ദിശാബോധം ആവശ്യമാണ്. അന്താരാഷ്ട്ര സമൂഹം പാകിസ്താനെ സഹായിക്കണം. ഇതിനകം തന്നെ കടുത്ത പ്രതിസന്ധിയിലായ ആളുകളെ ഉയർന്ന വൈദ്യുതി ബിൽ ഏർപ്പെടുത്തി കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളിവിടുന്നത് ശരിയല്ല.” പാകിസ്ഥാനോടുള്ള തന്റെ നിർദ്ദേശത്തിൽ റൈസർ പറഞ്ഞു.
ഊർജ്ജ മേഖലയിൽ പരിഷ്കാരങ്ങൾ കൊണ്ടുവരേണ്ടത് പാക്കിസ്ഥാനെ സംബന്ധിച്ചിടത്തോളം അത്യന്താപേക്ഷിതമാണ്. ഈ വർഷം പാകിസ്ഥാനിൽ വൻ വെള്ളപ്പൊക്കമുണ്ടായിരുന്നു. മഹാപ്രളയത്തിന്റെ പ്രതിസന്ധിയിൽ 33 ദശലക്ഷം ആളുകൾ വലഞ്ഞു. രാജ്യത്തിന്റെ മൂന്നിലൊന്ന് ഭാഗവും വെള്ളത്തിനടിയിലായിരുന്നു. അന്ന് നേരിട്ട കനത്ത പ്രഹരത്തിൽ നിന്ന് പാകിസ്താൻ ഇനിയും കരകയറിയിട്ടില്ലെന്നും റൈസർ പറഞ്ഞു.