ഹൈവേ ശോചനീയാവസ്ഥയിൽ; ജനങ്ങളോട് ക്ഷമ ചോദിച്ച് കേന്ദ്ര ഗതാഗത മന്ത്രി

ഭോപ്പാല്‍: മധ്യപ്രദേശിൽ 400 കോടി രൂപയിൽ നിർമ്മിച്ച ഹൈവേയുടെ ശോചനീയാവസ്ഥയിൽ ജനങ്ങളോട് ക്ഷമ ചോദിച്ച് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. മാണ്ഡ്ല മുതൽ ജബൽപൂർ വരെയുള്ള 63 കിലോമീറ്റർ ദൈർഘ്യമുള്ള ഹൈവേയുടെ നിർമ്മാണത്തിന്‍റെ ഗുണനിലവാരമില്ലായ്മ വ്യക്തമായതോടെയാണ് മന്ത്രി ജനങ്ങളോട് ക്ഷമാപണം നടത്തിയത്.

ഹൈവേയുടെ നിർമ്മാണത്തിൽ തൃപ്തനല്ലെന്നും മോശം റോഡിന് ക്ഷമ ചോദിക്കുന്നുവെന്നും ഗഡ്കരി പറഞ്ഞു. ഒരു തെറ്റ് സംഭവിച്ചാൽ, തീർച്ചയായും ക്ഷമ ചോദിക്കണം. തനിക്ക് അതിൽ യാതൊരു മടിയുമില്ലെന്നും ഗഡ്കരി കൂട്ടിച്ചേർത്തു. ഗഡ്കരിയുടെ പ്രസ്താവനയെ വലിയ കയ്യടികളോടെയാണ് സദസ്സ് സ്വീകരിച്ചത്.

ഹൈവേ നിർമ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയിട്ടുണ്ടെന്നും നിലവിലുള്ള നിർമ്മാണം നിർത്തിവച്ചിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. പഴയ റോഡ് പുനർനിർമിക്കാനും പുതിയ ടെൻഡർ പുറപ്പെടുവിക്കാനും നടപടി സ്വീകരിക്കും. പുതിയ റോഡ് ഉടൻ പ്രവർത്തനക്ഷമമാക്കുമെന്നും ഗഡ്കരി കൂട്ടിച്ചേർത്തു.