ലണ്ടനിൽ ദാദാഭായ് നവറോജി താമസിച്ചിരുന്ന വീട് ഇനി ചരിത്ര സ്മാരകം

ലണ്ടന്‍: ബ്രിട്ടീഷ് പാർലമെന്‍റ് അംഗമായ ആദ്യ ഇന്ത്യക്കാരനായ ദാദാഭായ് നവറോജി താമസിച്ചിരുന്ന ലണ്ടനിലെ വസതിക്ക് ചരിത്രസ്മാരകം എന്നനിലയില്‍ അംഗീകാരം. ചരിത്രപ്രാധാന്യമുള്ള കെട്ടിടങ്ങളെ ബഹുമാനിക്കുന്ന ഇംഗ്ലീഷ് ഹെറിറ്റേജ് എന്ന സംഘടന വീടിന് മുന്നിൽ ഒരു ‘നീല ഫലകം’ സ്ഥാപിച്ചു. “ഒരു ഇന്ത്യൻ ദേശീയവാദിയും പാർലമെന്‍റ് അംഗവുമായ ദാദാഭായ് നവറോജി (18251917) ഇവിടെ താമസിച്ചിരുന്നു,” എന്ന് ഫലകത്തിൽ പറയുന്നു.

1897ലാണ് ഇന്ത്യയുടെ വന്ദ്യവയോധികന്‍ എന്നറിയപ്പെടുന്ന ദാദാഭായ് നവറോജി ബ്രോംലിയിലെ പെങ്കെയിലെ വാഷിംഗ്ടൺ ഹൗസിലേക്ക് താമസം മാറ്റിയത്.

ചെങ്കല്ലുകൊണ്ട് നിർമ്മിച്ച വീട്ടിൽ അദ്ദേഹം എട്ട് വർഷം ചെലവഴിച്ചു. ഇന്ത്യക്ക് സമ്പൂർണ്ണ സ്വാതന്ത്ര്യം ആവശ്യമാണെന്ന നിലയിലേക്ക് നവറോജിയുടെ ചിന്തകൾ വികസിച്ചുകൊണ്ടിരുന്ന കാലമായിരുന്നു അതെന്ന് ഇംഗ്‌ളീഷ് ഹെറിറ്റേജ് പ്രസ്താവനയിൽ പറഞ്ഞു. ‘പൊവര്‍ട്ടി ആന്‍ഡ് അണ്‍ ബ്രിട്ടീഷ് റൂള്‍’ എന്ന അദ്ദേഹത്തിന്‍റെ പ്രസിദ്ധമായ പുസ്തകം 1901-ൽ പ്രസിദ്ധീകരിച്ചു.