വീട്ടുജോലിക്കാരിയെ ക്രൂരമായി മർദ്ദിച്ചു; ജാർഖണ്ഡ് ബിജെപി നേതാവ് അറസ്റ്റിൽ

റാഞ്ചി: വീട്ടുജോലിക്കാരിയായ ആദിവാസി സ്ത്രീയോട് അപമര്യാദയായി പെരുമാറുകയും ക്രൂരമായി ഉപദ്രവിക്കുകയും ചെയ്ത കേസിൽ ജാർഖണ്ഡ് ബിജെപി നേതാവ് സീമ പത്ര അറസ്റ്റിൽ. സീമ പത്ര ക്രൂരമായി മർദ്ദിക്കുന്നുവെന്നാരോപിച്ച് കൊണ്ടുള്ള വീട്ടുജോലിക്കാരിയുടെ വീഡിയോ വൈറലായതിനെ തുടർന്ന് ഇന്നലെ സീമയെ ബിജെപി സസ്പെൻഡ് ചെയ്തിരുന്നു. മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ മഹേശ്വർ പത്രയുടെ ഭാര്യ സീമ ബിജെപിയുടെ വനിതാ വിഭാഗത്തിന്‍റെ ദേശീയ പ്രവർത്തക സമിതി അംഗവും ‘ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ’ കാമ്പയിന്‍റെ സംസ്ഥാന കൺവീനറുമാണ്.

വീട്ടുജോലിക്കാരിയായ സുനിത 10 വർഷം മുമ്പാണ് സീമയുടെ അടുക്കലെത്തിയത്. തന്നെ വീട്ടുതടങ്കലിലാക്കിയെന്നും നിരന്തരമായ ക്രൂര പീഡനത്തിന് ഇരയാക്കിയെന്നും സുനിത പറയുന്നു. തന്നെ നിരന്തരം മർദ്ദിക്കുകയും ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് പല്ലുകൾ തകർത്തതായും സുനിത പറഞ്ഞു. നാവുകൊണ്ട് മൂത്രം നക്കി തുടപ്പിച്ചെന്നും ഭക്ഷണമില്ലാതെ നാല് ദിവസം തടങ്കലിൽ പാർപ്പിച്ചെന്നും സുനിത വെളിപ്പെടുത്തി.

സീമ പത്രയുടെ മകൻ ആയുഷ്മാനാണ് സുനിതയെ രക്ഷിക്കാൻ ശ്രമിച്ചത്. വീട്ടിലെ സംഭവങ്ങളെക്കുറിച്ച് ആയുഷ്മാൻ സുഹൃത്ത് വിവേക് ബാസ്കെയെ അറിയിച്ചു. സുനിത വിവേകിനോട് തനിക്കുണ്ടായ ദുരനുഭവത്തെക്കുറിച്ച് തുറന്ന് പറയുകയും അയാളുടെ സഹായത്തോടെ രക്ഷപ്പെടുകയുമായിരുന്നു. സീമ പത്രയുടെ വീട്ടിൽ നിന്ന് റാഞ്ചി പൊലീസ് സുനിതയെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.