നരബലി കേസ്; പ്രതികളുടെ കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും
പത്തനംതിട്ട: ഇലന്തൂരിലെ ഇരട്ട നരബലി കേസ് പ്രതി ഭഗവൽ സിങ്ങിനും കുടുംബത്തിനും ലക്ഷക്കണക്കിന് രൂപയുടെ ബാധ്യത. ഇലന്തൂർ സഹകരണ ബാങ്കിൽ മാത്രം 850,000 രൂപയുടെ വായ്പാ കുടിശ്ശികയുണ്ട്. 2015ൽ മകളുടെ വിദ്യാഭ്യാസത്തിനായി എടുത്തതാണിത്. ഇലന്തൂരിലെ വീടും സ്ഥലവും പണയപ്പെടുത്തിയാണ് വായ്പയെടുത്തത്. 2022 മാർച്ചിൽ വായ്പ പുതുക്കി. ഇതിന് പുറമെ മറ്റ് ബാങ്കുകളിലും കുടിശ്ശിക ഉണ്ടായിരുന്നതായി സൂചനയുണ്ട്.
അതേസമയം, കേസിൽ റിമാൻഡിൽ കഴിയുന്ന മുഖ്യപ്രതി മുഹമ്മദ് ഷാഫി ഉൾപ്പെടെ മൂന്ന് പ്രതികളുടെ കസ്റ്റഡി അപേക്ഷ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. മുഹമ്മദ് ഷാഫി, രണ്ടാം പ്രതി ഭഗവൽ സിങ്ങ്, മൂന്നാം പ്രതി ലൈല എന്നിവരെ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി 12 ദിവസത്തെ കസ്റ്റഡിയിൽ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് ജില്ലകളിലും നടന്ന കുറ്റകൃത്യങ്ങളെക്കുറിച്ച് കൂടുതൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കേണ്ടതുണ്ട്. സമാനമായ പദ്ധതിയിലൂടെ പ്രതികൾ മറ്റാരെയെങ്കിലും കുടുക്കിയിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്ന് കസ്റ്റഡി അപേക്ഷയിൽ പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
കസ്റ്റഡി അപേക്ഷ പരിഗണിക്കുന്ന സാഹചര്യത്തിൽ പ്രതികളെ രാവിലെ കോടതിയിൽ ഹാജരാക്കാനാണ് മജിസ്ട്രേറ്റിന്‍റെ നിർദേശം. ഇന്ന് കൊച്ചിയിലും പരിസരത്തും തെളിവെടുപ്പ് നടത്താനാണ് ആലോചനയെന്ന് പൊലീസ് അറിയിച്ചു. കൊല്ലപ്പെട്ട സ്ത്രീകളുടെ ആഭരണങ്ങൾ പണയം വച്ചതാണെന്ന് വ്യക്തമാണ്. ഇവ കണ്ടെടുക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ ഇന്ന് ഉണ്ടായേക്കും.