ഐസിസി പോരാട്ടങ്ങൾ സ്റ്റാർ സ്പോർട്സിൽ തന്നെ; സംപ്രേഷണ അവകാശം വീണ്ടും സ്വന്തം

ഐസിസി ടൂർണമെന്‍റുകളുടെ സംപ്രേഷണാവകാശം സ്റ്റാർ സ്പോർട്സിന്. അടുത്ത നാല് വർഷത്തേക്കുള്ള അവകാശം സ്റ്റാർ സ്വന്തമാക്കി. അടുത്ത അഞ്ച് വർഷത്തേക്കുള്ള ഐപിഎൽ സംപ്രേഷണാവകാശം സ്വന്തമാക്കിയതിന് പിന്നാലെയാണ് സ്റ്റാറിന്റെ ഈ നേട്ടം. ജൂണിൽ നടന്ന ഐപിഎൽ പ്രക്ഷേപണ അവകാശ ലേലത്തിൽ 23,575 കോടി രൂപയ്ക്കാണ് സ്റ്റാർ ഇന്ത്യ അടുത്ത അഞ്ച് വർഷത്തേക്കുള്ള ടെലിവിഷൻ സംപ്രേഷണ അവകാശം സ്വന്തമാക്കിയത്. ഇതിന് പിന്നാലെയാണ് ഐസിസി പോരാട്ടങ്ങളുടെ അവകാശവും.

2023 മുതൽ 2027 വരെയുള്ള നാല് വർഷ കാലയളവിൽ പുരുഷൻമാരുടെയും വനിതകളുടെയും ഏകദിന, ടി 20 ലോകകപ്പ്, ചാമ്പ്യൻസ് ട്രോഫി ടൂർണമെന്‍റുകളുടെ സംപ്രേഷണാവകാശമാണ് സ്റ്റാർ സ്പോർട്സ് സ്വന്തമാക്കിയത്. വയാകോം 18, സി ടിവി, സോണി എന്നിവിടങ്ങളിൽ നിന്നുള്ള കടുത്ത മത്സരത്തെ അതിജീവിച്ചാണ് സ്റ്റാർ സ്പോർട്സ് നിലവിലുള്ള സംപ്രേഷണാവകാശം നാല് വർഷത്തേക്ക് കൂടി സ്വന്തമാക്കിയത്. 

അതേസമയം എത്ര തുകക്കാണ് സ്റ്റാര്‍ സ്പോര്‍ട്സ് സംപ്രേഷണാവകാശം സ്വന്തമാക്കിയതെന്ന് പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ തവണ രണ്ട് ബില്യണ്‍ യുഎസ് ഡോളറിനാണ് ഐസിസി മീഡിയാ റൈറ്റ്സ് സ്റ്റാര്‍ സ്പോര്‍ട്സ് സ്വന്തമാക്കിയത്. ടെലിവിഷന്‍ സംപ്രേഷണാവകാശത്തിന് പുറമെ ഡിജിറ്റല്‍ സംപ്രേഷണാവകാശവും സ്റ്റാര്‍ സ്പോര്‍ട്‌സിനാണ്. സ്റ്റാറിന്‍റെ കീഴിലുള്ള ഹോട്ട് സ്റ്റാറിലൂടെയാകും മത്സരങ്ങളുടെ ലൈവ് സ്ട്രീമിങ്.