സമാന്തര എക്‌സ്‌ചേഞ്ച് കണ്ടെത്തിയ സംഭവം; എൻഐഎ വന്നേക്കും
പാലക്കാട്: പാലക്കാട് സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം എൻ.ഐ.എ ഏറ്റെടുത്തേക്കുമെന്ന് സൂചന. മറ്റ് ജില്ലകളിൽ കണ്ടെത്തിയ സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസുകളിൽ അന്താരാഷ്ട്ര ബന്ധങ്ങളും സാമ്പത്തിക ഇടപാടുകളും ഉൾപ്പെടെ ഗുരുതരമായ കുറ്റകൃത്യങ്ങൾ കണ്ടെത്തിയ സാഹചര്യത്തിലാണിത്.
സാമ്പത്തിക ഇടപാടുകൾ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷിക്കാൻ സാധ്യതയുണ്ടെന്നാണ് സൂചന. സമാന്തര ടെലിഫോൺ എക്സ്ചേഞ്ചുകളെക്കുറിച്ചുള്ള വിവരങ്ങൾ മിലിട്ടറി ഇന്‍റലിജൻസ് ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികൾ ശേഖരിച്ചതായും സൂചനയുണ്ട്.
2021 സെപ്റ്റംബർ 14നാണ് പാലക്കാട് മേട്ടുപ്പാളയം തെരുവിലെ കടയിൽ സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കണ്ടെത്തിയത്. കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് സ്വദേശി മൊയ്തീൻ കോയയെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തെങ്കിലും കൂടുതൽ വിവരങ്ങൾ ലഭിച്ചില്ല. മുറിയിൽ കണ്ടെത്തിയ സിം കാർഡുകളിലെ കോളുകളുടെ വിശദാംശങ്ങൾ ശേഖരിക്കാൻ കഴിഞ്ഞില്ല. ഇതിനാല്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് നേരിട്ട് കേസേറ്റെടുക്കാനുള്ള സാഹചര്യമുണ്ടായിരുന്നില്ല.