വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ സംഭവം; ആരോഗ്യമന്ത്രിക്കെതിരെ ഹർഷീന

കോഴിക്കോട്: ശസ്ത്രക്രിയയ്ക്കിടെ കത്രികയുടെ രൂപത്തിലുള്ള ഉപകരണം വയറ്റിൽ കുടുങ്ങിയ സംഭവത്തിൽ ആരോഗ്യമന്ത്രി പ്രഖ്യാപിച്ച വകുപ്പുതല അന്വേഷണം ചടങ്ങ് മാത്രമായി. പരാതിക്കാരനിൽ നിന്ന് അന്വേഷണ സംഘം തെളിവെടുത്തിട്ട് രണ്ട് മാസം കഴിഞ്ഞിട്ടും റിപ്പോർട്ടിൽ വെളിച്ചം കണ്ടില്ല. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ സ്പെഷ്യൽ ഓഫീസർ ഡോ. അബ്ദുൾ റഷീദിന്‍റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് അന്വേഷിച്ചത്. 2017ൽ പ്രസവ ശസ്ത്രക്രിയയ്ക്ക് വിധേയയായ കോഴിക്കോട് സ്വദേശിനി ഹർഷീനയുടെ വയറ്റിലാണ് കത്രിക മറന്നുവച്ചത്. ആരോഗ്യമന്ത്രി ഇക്കാര്യം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു.

ആരോഗ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങളും ഹർഷീന ഉന്നയിച്ചു. മന്ത്രിയുമായി നിരവധി തവണ ഫോണിൽ സംസാരിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ലെന്ന് ഹർഷീന പറഞ്ഞു.

വീണ്ടും ശാരീരിക പ്രശ്നങ്ങൾ ഉണ്ടായതിനെ തുടർന്ന് ഹർഷീന കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ തേടി. അന്വേഷണത്തിൽ നടപടി സ്വീകരിക്കാതെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്താലും പോകില്ലെന്നും ഹർഷീന പറഞ്ഞു. ആശുപത്രിയിൽ തന്നെ സമരം ചെയ്യാനാണ് ഹർഷീനയുടെ തീരുമാനം.