യുവതിയെ വലിച്ചിഴച്ച സംഭവം; എന്തോ കുടുങ്ങിയതായി സംശയമുണ്ടായിരുന്നെന്ന പ്രതിയുടെ മൊഴി പുറത്ത്

ന്യൂഡല്‍ഹി: സുല്‍ത്താന്‍പുരിയില്‍ യുവതിയെ കാറിടിച്ച് മണിക്കൂറുകളോളം വലിച്ചിഴച്ച സംഭവത്തിൽ പ്രതിയുടെ മൊഴി പുറത്ത്. യുവതിയെ ഇടിച്ച ശേഷം കാറിനടിയിൽ എന്തോ കുടുങ്ങിയതായി സംശയം തോന്നിയിരുന്നുവെന്ന് കാറിന്‍റെ ഡ്രൈവർ ദീപക് ഖന്ന പൊലീസിനോട് പറഞ്ഞു. എന്നാൽ മറ്റ് നാലുപേരും തന്നോട് യാത്ര തുടരാൻ ആവശ്യപ്പെട്ടെന്നും പിന്നീടാണ് യുവതി കാറിനടിയിൽ കുടുങ്ങിയതായി ശ്രദ്ധയിൽ പെട്ടതെന്നും ഇയാൾ പോലീസിനോട് പറഞ്ഞു.

ഇവന്‍റ് പ്ലാനറായ അഞ്ജലി സിംഗ് (20) കാറിടിച്ച് മരിച്ച സംഭവത്തിൽ ദീപക് ഖന്ന, അമിത് ഖന്ന, മനോജ് മിത്തൽ, കൃഷൻ, മിഥുൻ എന്നിവരാണ് അറസ്റ്റിലായത്. സംഭവസമയത്ത് ദീപക് ഖന്നയായിരുന്നു കാർ ഓടിച്ചിരുന്നത്. യുവതി കാറിൽ കുടുങ്ങിയ വിവരം അറിഞ്ഞിരുന്നില്ലെന്നാണ് പ്രതികൾ ആവർത്തിച്ച് പൊലീസിനോട് പറഞ്ഞത്.

അതേസമയം, സംഭവസമയത്ത് അഞ്ച് പ്രതികളും മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. യാത്രയ്ക്കിടെ രണ്ടിലധികം കുപ്പി മദ്യം ഇവർ കഴിച്ചിരുന്നു. രണ്ട് മണിയോടെ പ്രതികളുടെ വാഹനം സുൽത്താൻപുരിയിലെത്തി. ഇതിനിടയിൽ യുവതിയെ ഇടിക്കുകയും കാറിനടിയിൽ കുടുങ്ങിയ യുവതിയെ കിലോമീറ്ററുകളോളം വലിച്ചിഴക്കുകയുമായിരുന്നു.