പോക്സോ ഇരകളടക്കം കടന്നുകളഞ്ഞ സംഭവം; കോട്ടയത്തെ നിര്‍ഭയ കേന്ദ്രം സര്‍ക്കാര്‍ അടച്ചുപൂട്ടി

കോട്ടയം: കോട്ടയം മാങ്ങാനത്തെ നിർഭയ സെന്‍റർ സർക്കാർ അടച്ചുപൂട്ടി. പോക്സോ കേസിലെ ഇരകൾ ഉൾപ്പടെ ഇവിടെ നിന്ന് കടന്നുകളഞ്ഞ സാഹചര്യത്തിലാണ് വനിതാ ശിശുവികസന വകുപ്പിന്‍റെ നടപടി. പുതിയ നിർഭയ സെന്‍റർ സ്ഥാപിക്കാൻ മറ്റൊരു ഏജൻസിയെ കണ്ടെത്തും.

കഴിഞ്ഞ നവംബർ 14നാണ് പോക്സോ കേസിലെ ഇരകൾ ഉൾപ്പെടെ ഒൻപത് പേർ കോട്ടയത്തെ മഹിള സമഖ്യ സൊസൈറ്റി നടത്തിവരുന്ന കേരള സര്‍ക്കാരിന്റെ അഭയ കേന്ദ്രത്തില്‍ നിന്ന് കടന്നുകളഞ്ഞത്. എന്നാൽ അവരെയെല്ലാം അതെ ദിവസം തന്നെ കണ്ടെത്തി.

സംഭവത്തെ തുടർന്ന് അഭയകേന്ദ്രത്തിനെതിരെ വ്യാപക പരാതികൾ ഉയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് വിവിധ ഏജൻസികൾ അന്വേഷണം നടത്തി. ഇതേതുടർന്നാണ് അഭയകേന്ദ്രം അടച്ചുപൂട്ടാൻ വനിതാ ശിശുവികസന വകുപ്പ് നിർദേശം നൽകിയത്. അഭയകേന്ദ്രത്തിന്‍റെ നടത്തിപ്പ് സമഖ്യ എന്ന ഏജൻസിക്ക് പകരം മറ്റൊരു എൻ.ജി.ഒയെ ഏൽപ്പിക്കാനാണ് തീരുമാനം.