ഇന്ത്യൻ പ്രതിരോധ മന്ത്രാലയം ലോകത്തിലെ ഏറ്റവും വലിയ തൊഴിൽദാതാവ്

ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ തൊഴിൽ ദാതാവായി ഇന്ത്യയുടെ പ്രതിരോധ മന്ത്രാലയം. മാർക്കറ്റ് ആൻഡ് ഡാറ്റാ അനലൈസിങ്ങ് സ്ഥാപനമായ സ്റ്റാറ്റിസ്റ്റ പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. ഇന്ത്യൻ പ്രതിരോധ മന്ത്രാലയത്തിന് കീഴിൽ 29.2 ലക്ഷം പേർ ജോലി ചെയ്യുന്നുണ്ട്. യു.എസ് പ്രതിരോധ മന്ത്രാലയമാണ് തൊട്ടുപിന്നിൽ. 29.1 ലക്ഷം പേരാണ് യുഎസ് പ്രതിരോധ മേഖലയിൽ ജോലി ചെയ്യുന്നത്. ജർമ്മനി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സ്വകാര്യ കമ്പനിയാണ് സ്റ്റാറ്റിസ്റ്റ. ലോകമെമ്പാടുമുള്ള വിവിധ വിഷയങ്ങളിൽ വിവരങ്ങളും സ്ഥിതിവിവരക്കണക്കുകളും നൽകുന്ന ഒരു സ്ഥാപനമാണിത്.

ചൈനയിലെ പീപ്പിൾസ് ലിബറേഷൻ ആർമിയാണ് മൂന്നാമത്തെ വലിയ തൊഴിലുടമയെന്ന് റിപ്പോർട്ടിൽ പറയുന്നു. അമേരിക്കൻ ബഹുരാഷ്ട്ര കമ്പനിയായ വാൾമാർട്ട് സ്വകാര്യ കമ്പനികളിൽ ഏറ്റവും വലിയ തൊഴിൽ ദാതാവാണ്. 23 ദശലക്ഷം ആളുകളാണ് ഇവിടെ ജോലി ചെയ്യുന്നത്. ആമസോണിൽ 16 ലക്ഷം പേർ ജോലി ചെയ്യുന്നുണ്ട്. പ്രതിരോധ മന്ത്രാലയങ്ങളാണ് ലോകമെമ്പാടുമുള്ള ഏറ്റവും വലിയ തൊഴിലുടമകൾ എന്ന സ്റ്റാറ്റിസ്റ്റ റിപ്പോർട്ട് ഒട്ടും ആശ്ചര്യകരമല്ല. 2021 ലെ കണക്കനുസരിച്ച്, രാജ്യങ്ങൾ ആഗോളതലത്തിൽ സൈനിക പ്രവർത്തനങ്ങൾക്കായി 2113 ബില്യൺ ഡോളർ ചെലവഴിച്ചു.