ബിരിയാണിയിലെ ചേരുവകൾ പുരുഷന്മാർക്ക് ഭീഷണി; ബംഗാളിൽ കടകൾ അടപ്പിച്ച് തൃണമൂൽ നേതാവ്
കൊൽക്കത്ത: ബിരിയാണി ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ചേരുവകളും മസാലകളും പുരുഷന്‍റെ ലൈംഗികാസക്തി കുറയ്ക്കുമെന്ന് ആരോപിച്ച് തൃണമൂൽ കോൺഗ്രസ് നേതാവ് പശ്ചിമ ബംഗാളിലെ കടകൾ അടച്ചുപൂട്ടി. മമത ബാനർജി സർക്കാരിലെ മുൻ മന്ത്രിയായിരുന്ന രബീന്ദ്ര നാഥ് ഘോഷ് കൂച്ച് ബെഹാറിലെ രണ്ട് പ്രാദേശിക ബിരിയാണി കടകൾ അടച്ചുപൂട്ടി.
പുരുഷ ലൈംഗികാസക്തി കുറയ്ക്കുന്ന ചേരുവകൾ ബിരിയാണി ഉണ്ടാക്കാൻ ഉപയോഗിക്കുന്നതായി പ്രദേശത്തെ ആളുകൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പരാതിപ്പെടുന്നുണ്ടെന്ന് രബീന്ദ്രനാഥ് ഘോഷ് പറഞ്ഞു.
ബിഹാർ, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ പ്രദേശത്ത് ബിരിയാണി വിൽക്കുന്നുണ്ടെന്നും ലൈസൻസില്ലാതെ കടകൾ പ്രവർത്തിക്കുന്നുണ്ടെന്നും കൂച്ച് ബെഹാർ മുനിസിപ്പാലിറ്റിയുടെ നിലവിലെ ചെയർമാൻ കൂടിയായ അദ്ദേഹം ആരോപിച്ചു.